
കൊളംമ്പോ: ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ ഉടമ ഉപേക്ഷിച്ചു പോയതിൽ മനം നൊന്ത ഒരു വളർത്തുനായ തന്റെ യജമാനനു വേണ്ടി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ജീവൻ വെടിഞ്ഞ സംഭവമാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്.
പളോണീഗ്രോ വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെ ചുറ്റിപ്പറ്റി നടന്ന രണ്ടു വയസ് മാത്രം പ്രായമുള്ള നുബേ വിയാജെറ എന്ന നായ അതുവഴി നടന്നുവരുന്ന ആളുകളുടെ ശരീരത്തിൽ മണം പിടിച്ചും അവർക്കു ചുറ്റും നടന്നും തന്റെ യജമാനൻ ആണോയെന്ന് പരിശോധിക്കുമായിരുന്നു. യാത്രക്കാരും വിമാനത്താവള അധികൃതരും നൽകുന്ന ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതിരുന്ന നായ അവസാനം ക്ഷീണിച്ചാണ് മരണത്തിനു കീഴടങ്ങിയത്.
വിമാനത്താവളത്തിന്റെ പരിസരത്തുകൂടി നായ അലഞ്ഞുതിരിയുന്നതു കണ്ട ഒരാൾ ബുക്കാരാമംഗ ഫ്രണ്ട്സ് ഓഫ് ആനിമൽസ് ആൻഡ് നേച്ചർ ഫൗണ്ടേഷനെ വിവരമറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഫൗണ്ടേഷൻ അധികൃതർ നായയെ ഏറ്റെടുത്ത് ഒരു മൃഗഡോക്ടറുടെ പക്കൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ നാൽപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ഈ നായ ഇഹലോകം വെടിഞ്ഞു.
ഉടമ ഉപേക്ഷിച്ചതിലുള്ള അതികഠിനമായ മാനസികസംഘർഷമാണ് നായയ്ക്ക് ജീവൻ നഷ്ടപ്പെടാനുള്ള കാരണമായതെന്നാണ് നൂബേയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരിശ്രമിച്ച ഡോ. അലേജാന്ദ്ര സോതോമോണ്ടെ പറയുന്നത്. നൂബേയ്ക്ക് അധികം പ്രായമൊന്നുമില്ല. മാനസിക സംഘർഷമല്ലാതെ ഗുരുതര രോഗങ്ങളൊന്നും നൂബേയെ അലട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനസിലെ ദുഃഖവും നിരാശയും കാരണം നൂബേ അതീവ ക്ഷീണത്തിലായിരുന്നു. മാനസിക സംഘർഷങ്ങൾ അലട്ടുന്ന നായ്ക്കൾക്ക് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നാണ് നൂബേയെ പരിചരിച്ച ഡോക്ടർമാർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam