
ഗുജറാത്ത്: യജമാനന്റെ കാവൽക്കാരൻ മാത്രമല്ല വളർത്തുനായ, സുഹൃത്ത് കൂടിയാണ്. ആപത്തിൽ പെട്ടാൽ സ്വന്തം ജീവൻ അവഗണിച്ചും തന്റെ യജമാനനെ രക്ഷിക്കാൻ അവൻ തയ്യാറാകും. ഗുജറാത്തിലെ അമ്രേലി ജില്ലയിൽ മൂന്ന് സിംഹങ്ങൾക്കിടയിൽ പെട്ടപ്പോൾ ഭവേഷ് ഭർവാദ് വിചാരിച്ചത് തന്റെ കഥ കഴിഞ്ഞു എന്നാണ്. എന്നാൽ യജമാനന്റെ ജീവൻ രക്ഷിക്കാൻ സദാ സന്നദ്ധനായി ഇയാളുടെ വളർത്തുനായ ഒപ്പമുണ്ടായിരുന്നു. തന്റെ യജമാനനെ സിംഹങ്ങൾ വളഞ്ഞിരിക്കുന്നത് കണ്ട നായ ഉറക്കെ കുരച്ച് ബഹളം വച്ചു. നായുടെ കുര കേട്ട് ഗ്രാമവാസികൾ ഓടിവന്നപ്പോഴേയ്ക്കും സിംഹങ്ങൾ കാട്ടിലെക്ക് ഓടി രക്ഷെപ്പെട്ടു. നിസ്സാര പരിക്കുകളോടെ ഭവേഷ് രക്ഷപ്പെട്ടു. എന്നാൽ സിംഹങ്ങൾതന്നെ കൊല്ലുമെന്ന് ഉറപ്പുള്ളപ്പോഴും കന്നുകാലികളെ രക്ഷിക്കാനായിരുന്നു ഭവേഷിന്റെ ശ്രമം.
ഗ്രാമത്തിലെ ഹെൽത്ത് സെന്ററിൽ ചികിത്സ നേടിയ ഭവേഷിന്റെ മുറിവുകൾ ഗുരുതരമല്ല. കന്നുകാലികൾക്കോ നായയ്ക്കോ ഒരു പോറൽ പോലും സംഭവിക്കാത്തതിന്റെ ആശ്വാസത്തിലാണ് ഭവേഷ്. ഗീർ വനത്തിന്റെ അടുത്ത പ്രദേശമാണ് അമ്രേലി. മിക്കപ്പോഴും ഇവിടെ സിംഹങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. കഴിഞ്ഞ മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് സിംഹങ്ങൾ വളഞ്ഞു. അവസാനം ആംബുലൻസിനുള്ളിലായിരുന്നു യുവതിയുടെ പ്രസവം നടന്നത്. റോഡ് മുറിച്ചു കടക്കാൻ സിംഹങ്ങൾ റോഡിന്റെ വശങ്ങളിൽ കാത്തു നിൽക്കുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam