പത്മ പുരസ്‌കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

തിരുവനന്തപുരം: മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറേ വർഷങ്ങളായി ഞങ്ങൾ ശുപാർശ നൽകുന്നു. എല്ലാത്തിനും അതിന്റെതായ കാലമുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഓരോ സിനിമയിലും നമുക്ക് പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാനാണ് മമ്മുട്ടിയുടെ ശ്രമമെന്നും സ്വയം പുതുക്കുന്ന നടന ശരീരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. 8 മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. മമ്മൂട്ടിക്കും വിഎസ് അച്യുതാനന്ദനും വെള്ളാപ്പള്ളി നടേഷനും പുരസ്കാരങ്ങളുണ്ട്. 

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. 5 പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്. 

YouTube video player