
അമേരിക്ക: മെക്സിക്കൻ മതിലിനെ ചൊല്ലിയുള്ള അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്പീക്കർ നാൻസി പെലൊസിയും നേർക്കുനേർ. യുഎസ് കോൺഗ്രസിൽ വാർഷിക പ്രസംഗം നടത്തുന്നതിൽ നിന്ന് ട്രംപിനെ പെലോസി തടഞ്ഞപ്പോൾ, സ്പീക്കറുടെ അഫ്ഗാൻ സന്ദർശനം തടഞ്ഞ് ട്രംപ് തിരിച്ചടിച്ചു.
മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തെ ചൊല്ലി അമേരിക്കയിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിൽ തുടരുന്ന പോരാട്ടം വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. യുഎസ് കോൺഗ്രസിൽ വാർഷിക പ്രഭാഷണം നടത്താനുള്ള ട്രംപിന്റെ അവകാശത്തെ ഡെമോക്രാറ്റ് അംഗം കൂടിയായ സ്പീക്കർ പെലൊസി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ട്രഷറി സ്തംഭനത്തെ തുടർന്ന് രാജ്യം പ്രതിസന്ധിയിൽ നിൽക്കേ, വാർഷിക പ്രസംഗം നീട്ടിവയ്ക്കുന്നതാകും നല്ലതെന്നായിരുന്നു പെലോസ് അഭിപ്രായപ്പെട്ടത്.
എന്നാൽ ഇതിനു പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപും രംഗത്തെത്തി. ബ്രസൽസും അഫ്ഗാനും സന്ദർശിക്കാനുള്ള പെലോസിയുടെ നീക്കത്തിനാണ് പ്രസിഡന്റ് തടയിട്ടത്. യാത്രയ്ക്ക് അമേരിക്കയുടെ സൈനിക വിമാനം നിഷേധിച്ച ട്രംപ്, അതിർത്തി സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിൽ സഹകരിക്കാൻ പെലോസി വാഷിംഗ്ടണിൽ തുടരുന്നതാണ് നല്ലതെന്ന് തിരിച്ചടിച്ചു. സ്വകാര്യ സന്ദർശനവുമായി പെലോസിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പോരിനിടയിലും യുഎസിൽ ട്രഷറി സ്തംഭനം തുടരുകയാണ്. വേതനമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ് രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam