
ക്രോയ്ഡോണ്‍: കാറില്‍ ബഹളമുണ്ടാക്കിയ കാമുകിയുടെ മകനെ സീറ്റിനിടയില്‍ പെടുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്. സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആല്‍ഫി ലാമ്പ് എന്ന മൂന്നുവയസ്സുകാരനാണ് കാറിലെ സീറ്റിനിടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. സംഭവത്തില്‍ ആല്‍ഫിയുടെ അമ്മ ഇരുപത്തിമൂന്നുകാരി ആഡ്രിയാന്‍ ഹോവറിനെയും കാമുകന്‍ സ്റ്റീഫന്‍ വാട്ടേഴ്സണിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
കാമുകിയോടും സുഹൃത്തുക്കളോടുമൊപ്പം അവധി ആഘോഷത്തിനിടെയായിരുന്നു സംഭവം. യാത്രയുടെ തുടക്കം മുതല്‍ തന്നെ കുഞ്ഞിനെക്കുറിച്ച് സ്റ്റീഫന്‍ അസ്വസ്ഥനായിരുന്നുവെന്ന് സഹയാത്രികര്‍ വിശദമാക്കി. കാറിനുള്ളില്‍ വച്ച് കരഞ്ഞ് ശബ്ദമുണ്ടാക്കിയ ആല്‍ഫിയുടെ അമ്മ മുഖത്ത് അടിച്ചിരുന്നുവെന്നും സഹയാത്രികര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വിശദമാക്കി. ആഡംബര വാഹനമായ ഓഡി എ4 ല്‍ ആയിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.
എന്നാല്‍ കാറില്‍ സ്ഥലമില്ലെന്ന് പരാതിപ്പെട്ട ആല്‍ഫിയെ വിരട്ടാന്‍ വേണ്ടി സീറ്റ് പിന്നിലേക്ക് നീക്കിയിട്ടതെന്ന് സ്റ്റീഫന്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും സ്റ്റീഫന്‍ പറഞ്ഞു. അബദ്ധത്തില്‍ ആണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നുമാണ് സ്റ്റീഫന്‍ പറയുന്നത്. കാറിനിടയില്‍ കുരുങ്ങിയെന്ന് കുട്ടി പരാതി പറഞ്ഞത് ഇവര്‍ അവഗണിച്ചെന്നും സഹയാത്രികര്‍ വിശദമാക്കി. സീറ്റ് മുന്‍പോട്ട് നീക്കിയിടാന്‍ സ്റ്റീഫനോട് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായില്ലെന്ന് കാറില്‍ കൂടെയുണ്ടായിരുന്നവര്‍ വിശദമാക്കി.
സീറ്റിനിടയില്‍ പെട്ട കുട്ടി ശ്വാസം മുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. കുഞ്ഞ് നിശബ്ദനായപ്പോള്‍ കുട്ടിയുടെ അമ്മ ശ്രദ്ധിച്ചില്ലെന്നും പൊലീസ് വിശദമാക്കി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിനു മുന്‍പും ആഡ്രിന്‍ ആല്‍ഫിയോട് ക്രൂരമായി പെരുമാറിയിരുന്നതായി അയല്‍ക്കാര്‍ വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam