അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്

By Web DeskFirst Published Nov 8, 2016, 5:45 PM IST
Highlights

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഫലങ്ങള്‍ മാറിമറിയുന്നു. ഏറ്റവുമൊടുവിലെ ഫല സൂചന അനുസരിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക് നീങ്ങുകയാണ്. ഡൊണാള്‍ഡ് ട്രംപ് 245 ഇലക്‌ടറല്‍ വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുമ്പോള്‍, ഹിലരിക്ക് 209 ഇലക്‌ടറല്‍ വോട്ടുകളാണ് കിട്ടിയിട്ടുള്ളത്. 270 ഇലക്‌ടറല്‍ വോട്ടുകള്‍ നേടുന്നയാളായിരിക്കും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ലോറിഡ, ഒഹായോ, നോര്‍ത്ത് കരോലൈന എന്നിവിടങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെയാണ് ഹിലരി ക്യാംപിന് പ്രതീക്ഷകള്‍ നഷ്‌ടമായത്. ഒരിടയ്‌ക്ക് കാലിഫോര്‍ണിയയിലെ മിന്നുന്ന വിജയവുമായി ഹിലരി തിരിച്ചുവന്നെങ്കിലും ആ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതിനിടയില്‍ അമേരിക്കന്‍ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 44ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 41 ഉം വോട്ടുകള്‍ ലഭിച്ചു.

നേരത്തെ ഇന്ത്യാന, കെന്റകി, വെസ്റ്റ് വെര്‍ജീനിയ, ടെന്നസി, മിസിസിപ്പി, ഓക്‌ലഹോമ, അലബാമ, കാന്‍സസ്, സൗത്ത് കരോലൈന, നെബ്രാസ്‌ക, സൗത്ത് ഡക്കോട്ട, നോര്‍ത്ത് ഡക്കോട്ട, വയോമിങ്, കാന്‍സസ്, ടെക്‌സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചിരുന്നു. കാലിഫോര്‍ണിയ, ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, വാഷിങ്ടന്‍, ന്യൂ മെക്‌സിക്കോ എന്നിവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഹിലരി  വിജയം നേടിയത്.

click me!