ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അമരത്ത്

By Web DeskFirst Published Nov 7, 2016, 10:53 AM IST
Highlights

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഉജ്ജ്വല വിജയവുമായാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വരുന്നത്. അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത്തെ പ്രസിഡന്റായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എട്ടുവര്‍ഷത്തോളം നീണ്ട ഡെമോക്രാറ്റിക് ഭരണത്തിനാണ് അമേരിക്കയില്‍ അവസാനമാകുന്നത്. മൈക്ക് പെന്‍സ് അമേരിക്കയുടെ നാല്‍പ്പത്തിയെട്ടാമത്തെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ചകോട്ടകളില്‍ വെന്നിക്കൊടി പാറിച്ചാണ് ട്രംപ് വിജയത്തിലേക്ക് എത്തിയത്. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ലോറിഡ, ഒഹായോ, നോര്‍ത്ത് കരോലൈന എന്നിവിടങ്ങലില്‍ നേടിയ വിജയമാണ് ട്രംപിന് വിജയം ഉറപ്പാക്കിയത്. ഏറ്റവുമൊടുവില്‍ പെന്‍സില്‍വേനിയയിലും അട്ടിമറി വിജയം നേടിയാണ് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് കയറുന്നത്. 288 ഇലക്‌ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപിന്റെ ഉജ്ജ്വല വിജയം. ഹിലരിക്ക് 219 ഇലക്‌ടറല്‍ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

തുടക്കം മുതല്‍ക്കേ മികച്ച ലീഡുമായി ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് മുന്നേറിയത്. എന്നാല്‍ ഒരിടയ്‌ക്ക് കാലിഫോര്‍ണിയയിലെ മിന്നുന്ന വിജയവുമായി ഹിലരി തിരിച്ചുവന്നെങ്കിലും ആ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതിനിടയില്‍ അമേരിക്കന്‍ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 44ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 41 ഉം വോട്ടുകള്‍ ലഭിച്ചു.

നേരത്തെ ഇന്ത്യാന, കെന്റകി, വെസ്റ്റ് വെര്‍ജീനിയ, ടെന്നസി, മിസിസിപ്പി, ഓക്‌ലഹോമ, അലബാമ, കാന്‍സസ്, സൗത്ത് കരോലൈന, നെബ്രാസ്‌ക, സൗത്ത് ഡക്കോട്ട, നോര്‍ത്ത് ഡക്കോട്ട, വയോമിങ്, കാന്‍സസ്, ടെക്‌സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചിരുന്നു. കാലിഫോര്‍ണിയ, ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, വാഷിങ്ടന്‍, ന്യൂ മെക്‌സിക്കോ എന്നിവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഹിലരി  വിജയം നേടിയത്.

click me!