Latest Videos

ചിതാഭസ്മം ഗംഗയില്‍ ഒഴുക്കരുതെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി

By Web DeskFirst Published Dec 21, 2017, 12:06 PM IST
Highlights

ഹരിദ്വാര്‍: ചിതാഭസ്മം ഗംഗ നദിയില്‍ ഒഴുക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര മാനവശേഷി സഹമന്ത്രി ഡോ.സത്യപാല്‍ സിങ്. നദിയില്‍ ഒഴുക്കുന്നതിന് പകരം മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങളും ദഹിപ്പിക്കുന്ന ചാരവും മണ്ണില്‍ അടക്കം ചെയ്യണം അതിനുമുകളില്‍ വൃക്ഷത്തൈ നടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ ആവശ്യം വിശ്വാസത്തിന് എതിരാണെന്ന വാദവുമായി ഒരുവിഭാഗം ഹൈന്ദവ പുരോഹിതന്‍മാര്‍ രംഗത്തെത്തി. 

ശവദാഹം നടത്തിയ ശേഷം ചാരം കുഴിച്ചുമൂടി അവിടെ വൃക്ഷത്തൈകള്‍ നട്ടാല്‍ വരും തലമുറകള്‍ മരണപ്പെട്ടവരെ സ്മരിക്കുമെന്ന് സത്യപാല്‍ സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ പുരോഹന്മാര്‍ മറ്റുള്ളവരെ ബോധവത്കരിക്കണം. ജനങ്ങള്‍ക്ക് വിശ്വാസങ്ങളുണ്ട്. എന്നാല്‍ അവ തിരുത്തേണ്ട സമയമാണിപ്പോള്‍.  ഗംഗാ നദിയുടെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന ഒന്നും ഇപ്പോള്‍ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചാരം നദിയിലൊഴുക്കുന്നത് ഗംഗയെ മലിനമാക്കില്ലെന്നും പകരം നദീജലത്തെ അത് ശുദ്ധീകരിക്കുകയേ ഉള്ളൂവെന്നുമായിരുന്നു പുരോഹിതന്‍മാരുടെ വാദം. ഹരിദ്വാറിലെത്തി ഗംഗയില്‍ ചിതാഭസ്മം ഒഴുക്കുന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. 

മലിനീകരിക്കപ്പെട്ട ഗംഗാ നദിയെ ശുദ്ധമാക്കാന്‍ തീവ്രയജ്ഞമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.  2,037 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നതും. അതേസമയം മന്ത്രിയുടെ പ്രസ്താവനയോട് ഒരു വിഭാഹം ഹൈന്ദവ പുരോഹിതന്മാരും യോജിച്ചു. പൂജാ സാധാനങ്ങള്‍ നദിയിലേക്ക് എറിയുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഭഗ്പതില്‍ നിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗമാണ് സത്യപാല്‍ സിങ്. 

click me!