
കൊച്ചി: ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് അമ്മ. നടിമാർ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കെപിഎസി ലളിത. രാജിവെച്ചവർ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നും കെപിഎസി ലളിത കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാര്യം പറഞ്ഞുവന്നാൽ ഉള്ളി തൊലിച്ചതുപോലെയേ ഉള്ളൂ. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും പീഡനം ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ മാത്രം കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എതിർപ്പുകൾ ഉണ്ടെങ്കിൽ സംഘടനക്ക് അകത്ത് പറയണം. ചോദ്യം ചെയ്യാനുള്ള അവകാശം സംഘടനയിലുണ്ട്. എല്ലാം പറഞ്ഞുതീർക്കാവുന്ന കാര്യങ്ങളേ ഉള്ളൂ. ഞാൻ സംഘടനയുടെ യോഗങ്ങളിൽ ഒന്നും മിണ്ടാറില്ല. സിദ്ദിഖും മറ്റും ഒന്നും പറയാനില്ലേ എന്ന് ചോദിക്കാറുണ്ട്. എല്ലാം നന്നായി നടക്കുന്നതുകൊണ്ടാണ് ഒന്നും പറയാത്തത്. അതാണ് അവിടത്തെ രീതി.
എന്തെങ്കിലും ഒരു പ്രശ്നം പുറത്തറിഞ്ഞാൽ കൈകൊട്ടിച്ചിരിക്കാൻ നോക്കിയിരിപ്പാണ് ആളുകള്‍. വലിയ ഭൂകമ്പം ഉണ്ടാക്കുന്നതൊക്കെ എന്തിനാണ്? ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുത്. എല്ലാവരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടത്. മോഹൻലാൽ അമ്മയുടെ പ്രസിഡന്‍റ് മാത്രമല്ല, നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കിട്ടിയ കലാകാരനാണ്. കേണൽ വരെ ആയ ആളാണ് അദ്ദേഹം. അദ്ദേഹത്തെ ബഹുമാനത്തോടെയേ കാണാവൂ. മോഹൻലാലിനെപ്പോലെ ഒരാളൊക്കെയേ ഉണ്ടാവുകയുള്ളൂ. അതൊക്കെ ദൈവത്തിന്‍റെ തീരുമാനമാണ്.
നടി എന്ന് വിളിച്ചത് അപമാനമായി എന്നുപറഞ്ഞ നടിക്ക് സിനിമയിൽ നിന്ന് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുവിളിച്ചു പറയാൻ പാടില്ല. പ്രായമായാൽ കിട്ടുന്ന വേഷങ്ങൾ ഒക്കെ ചെയ്യണം. പണ്ട് ചെയ്ത പോലെയുള്ള റോളുകൾ ഒന്നും ഇപ്പോൾ തനിക്കും കിട്ടുന്നില്ല. കിട്ടുന്നത് കൊണ്ട് സംതൃപ്തരാകണം. സംഘടനയിലെ പുറത്താക്കിയവരെ തിരിച്ചെടുക്കാൻ മാന്യമായ ഒരു രീതിയുണ്ട്. തെറ്റുചെയ്തവർ വന്ന് മാപ്പുപറയട്ടെ. തെറ്റ് ചെയ്തവരെ അമ്മ എന്നേക്കുമായി തള്ളിക്കളയില്ല. ക്ഷമ പറഞ്ഞിട്ട് അകത്ത് കയറാവുന്നതേയുള്ളൂ. സാമ്പത്തിക പ്രയാസമുള്ള മുതിർന്നവർക്ക് മാസം അയ്യായിരം രൂപ കൊടുക്കുന്ന സംഘടനയാണ് അമ്മ. അത് നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ട്.
ദിലീപ് അദ്ദേഹത്തിന്‍റെ പേരിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകരുത് എന്ന് കരുതിയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. അത് ദിലീപിന്‍റെ നല്ല മനസുകൊണ്ടാണ്. അമ്മയിൽ ഉടൻ ജനറൽ ബോഡി വിളിക്കാനുള്ള സാഹചര്യമില്ല. അംഗങ്ങൾ കത്ത് നൽകാതെ ജനറൽ ബോഡി വിളിക്കാനാകില്ല. ഇരയായ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ ഞാനും പോയിട്ടുണ്ട് അതൊന്നും ആരു കണ്ടില്ലെന്ന് കെപിഎസി ലളിത പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam