സ്വാതന്ത്യ്രദിന സന്ദേശങ്ങള്‍ അയച്ച് ശ്വാസം മുട്ടിച്ച് കൊല്ലരുതെന്ന് ജോയ് മാത്യു

By WebDeskFirst Published Aug 15, 2017, 3:17 PM IST
Highlights

കോഴിക്കോട്: സ്വാതന്ത്യ്രദിന ആശംസകള്‍ക്ക് പകരം ചില ചോദ്യങ്ങളും ആശങ്കകളുമായി നടന്‍ ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയെ ചോദ്യം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സ്വാതന്ത്യ്ര ദിനാശംസകള്‍  തന്നെ ശ്വാസം മുട്ടിക്കുന്നുവെന്ന് ജോയ്മാത്യു പറയുന്നു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ശ്വാസം മുട്ടി മരിച്ച എഴുപത്തിനാല് കുഞ്ഞുങ്ങളാണ് ഈ സ്വാതന്ത്യ്ര ദിനത്തിലെ ഓര്‍മ്മയെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ രാജ്യത്ത് ദളിതരും ന്യൂനപക്ഷങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെയാണ് ജോയ് മാത്യു ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തിന് സ്വാതന്ത്യം ലഭിച്ചിട്ടും യഥാര്‍ത്ഥ  സ്വാതന്ത്യ്രം  എന്താണെന്ന് അറിയാത്ത ഒരു ജനത ഇവിടെ ജീവിക്കുമ്പോള്‍ എഴുപത് വര്‍ഷം കൊണ്ട് നമ്മളെന്താണ് നേടിയതെന്നാണ്  ജോയ് മാത്യുവിന്റെ ചോദ്യം. ശ്വസിക്കാനുള്ള ശുദ്ധവായുവോ, കുടിക്കാനുള്ള ശുദ്ധ ജലമോ, വിശപ്പകറ്റാനുള്ള ആഹാരമോ എഴുപത് വര്‍ഷത്തിനിപ്പറുവും രാജ്യത്തെ ജനങ്ങള്‍ക്ക് നേടാനായിട്ടില്ലായെന്നും പോസ്റ്റിലൂടെ ജോയ് മാത്യു വ്യക്തമാക്കുന്നു.

രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ അതില്‍ ആശങ്കപ്പെടാതെ വെറും വാകൊണ്ട് കസര്‍ത്ത് നടത്തുന്ന രാഷ്ട്രീയ നേതാക്കളുള്ള രാജ്യത്ത് മനസ്സുകൊണ്ടെങ്കിലും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയണം. ത്രിവര്‍ണ്ണ കടലാസ് നെഞ്ചില്‍ തറയ്ക്കാനുളള ഒരു സൂചിയെങ്കിലും ആകുവാന്‍ നമ്മളോരോരുത്തര്‍ക്കും സാധിച്ചില്ലെങ്കില്‍ സ്വാതന്ത്യ്രം നേടി തന്ന പൂര്‍വ്വികരോടുള്ള അനാദരവായിരിക്കും  അതെന്നും ജോയ്മാത്യു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അയച്ചുതന്ന് എന്നെ 
ശ്വാസം മുട്ടിച്ച്‌ കൊല്ലരുത്‌-
എഴുപത്തിനാലു കുഞ്ഞുങ്ങൾ
ശ്വാസം കിട്ടാതെ മരിച്ചതിന്റെ
ഓർമ്മയാണിന്നത്തെ ഈ സ്വാതന്ത്ര്യദിനം -
പശുവിനെച്ചൊല്ലി നിസ്സഹായരായ
ഗ്രാമീണരെ കാടൻ നീതികളാൽ
തല്ലിക്കൊല്ലുന്ന -
ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന-
ജാതിയുടെ പേരിൽ കൂട്ടക്കൊലകൾ
നടപ്പാക്കുന്ന
ഒരു രാജ്യത്ത്‌
സ്വാതന്ത്ര്യം എന്നത്‌ മൂന്നുവർണ്ണങ്ങളിൽ
പൊതിഞ്ഞ്‌ നൽകുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന
നിരക്ഷരരുടേയും
ദരിദ്രരുടേയും രാജ്യം
എഴുപതു വർഷം കൊണ്ട്‌ എന്താണു നേടിയത്‌?
ശ്വസിക്കാനുള്ള ശുദ്ധവായു?
കുടിക്കാനുള്ള ശുദ്ധജലം?
വിശപ്പകറ്റാനുള്ള ആഹാരം?
ഇന്നു കുഞ്ഞുങ്ങളാണു
ഓക്സിജൻ കിട്ടാതെ മരിച്ചതെങ്കിൽ
വരും ദിവസങ്ങളിൽ
ഈ രാജ്യംതന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും
ഒരക്ഷരം ശബ്ദിക്കാതെ
സ്വാതന്ത്ര്യദിന കച്ചേരി നടത്തുന്ന
അധികാരികൾക്കും അണികൾക്കുമിടയിൽ
ചോദ്യങ്ങൾ ചോദിക്കുവാനും
സംശങ്ങൾ പ്രകടിപ്പിക്കുവാനും
മനസ്സുകൊണ്ടെങ്കിലും നമുക്ക്‌ കഴിഞ്ഞാൽ -
ത്രിവർണ്ണ കടലാസ്‌ 
നെഞ്ചിൽ തറക്കുവാനുള്ള
ഒരു സൂചിയെങ്കിലും ആകുവാൻ നമുക്ക്‌ സാധിച്ചാൽ
സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള 
ആദരവായിരിക്കും അത്‌

 

click me!