തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര മന്ത്രി

By Web DeskFirst Published Apr 2, 2018, 3:29 PM IST
Highlights

ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ആരോപണം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ എന്ത് കഴിക്കുന്നുവെന്നും ഏത് സിനിമ കാണുന്നുവെന്നും മോദി ഒളിഞ്ഞുനോക്കുന്നുവെന്ന് ജനങ്ങള്‍ പരാതിപ്പെടും.

ബംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാറിനും തിരിച്ചറിയല്‍ കാര്‍ഡിനും വ്യത്യസ്ഥമായ ലക്ഷ്യങ്ങളാണുള്ളത്. ഇത് താന്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ പറയുന്നതല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ആരോപണം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ എന്ത് കഴിക്കുന്നുവെന്നും ഏത് സിനിമ കാണുന്നുവെന്നും മോദി ഒളിഞ്ഞുനോക്കുന്നുവെന്ന് ജനങ്ങള്‍ പരാതിപ്പെടും. വോട്ടര്‍ ഐ.ഡി കാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‍സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്നും അതിന്റെ വിലാസം എന്താണെന്നുമുള്ളതടക്കം തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിങ്ങള്‍ക്ക് ആ വെബ്‍സൈറ്റ് വഴി ലഭിക്കും. അതിന് ആധാറുമയി ബന്ധമില്ല-മന്ത്രി പറഞ്ഞു. 

അതേ സമയം ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൃത്യമായി ജനങ്ങളിലെത്താന്‍ അത് ആവശ്യമാണ്. മോദിയുടെ ആധാര്‍ പദ്ധതിയും മന്‍മോഹന്‍ സിങിന്റെ ആധാര്‍ പദ്ധതിയും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. മന്‍മോഹന്റെ ആധാറിന് നിയമപരമായ പിന്‍ബലമില്ലായിരുന്നു. മോദിയുടെ ആധാറിന് നിയമപിന്‍ബലവും വിവരങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷയും സ്വകാര്യതയും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

click me!