
ചെന്നൈ: ഒറ്റയടിക്ക് രണ്ടുപേരെ വിവാഹം കഴിക്കാനുള്ള യുവാവിന്റെ ശ്രമം പോലീസും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും ചേർന്നു വിവാഹം മുടക്കി. അങ്ങനെ വിവാഹവേദി നിമിഷങ്ങളുടെ വ്യത്യാസത്തിൽ തർക്കവേദിയാക്കി മാറി. തമിഴ്നാട്ടിലെ തിരുച്ചുഴിയിലാണ് നാടകീയ സംഭവങ്ങളുടെ അരങ്ങേറ്റം. രാമമൂർത്തിയെന്ന മുപ്പത്തൊന്നുകാരനാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം.
ഇത് സംബന്ധിച്ച് പ്രദേശിക തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ, രാമമൂർത്തിയുടെ ഒരു സഹോദരി കലൈശെൽവിയുടെ മകൾ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ, ഒരു വധുവിനേക്കൂടി സ്വന്തമാക്കണമെന്നു മോഹമുദിച്ച രാമമൂർത്തി, അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കൽ തന്റെ ആവശ്യവുമായി എത്തുകയായിരുന്നു.
സഹോദരന്റെ നിർബന്ധത്തിനു വഴങ്ങി അമുദവല്ലി തന്റെ മകൾ ഗായത്രിയെ രാമമൂർത്തിക്കു നല്കാൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. വരന്റെയും വധുക്കളുടെയും ചിത്രങ്ങൾ അടക്കമുള്ള വിവാഹക്കുറിയാണ് ബന്ധുക്കൾ തയാറാക്കിയത്. എന്നാൽ, കല്യാണക്കുറിയിൽ വധുവിന്റെ സ്ഥാനത്തു രണ്ടു പേരുടെ പേരും ഫോട്ടോയും ചേർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പലരും കുറിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
കല്യണക്കുറി വൈറലായതോടെ വാർത്ത തമിഴ്നാട്ടിലെ സമൂഹ്യക്ഷേമവകുപ്പ് അധികൃതരുടെ കാതിൽ എത്തുകയായിരുന്നു. ബഹുഭാര്യാത്വം കുറ്റകരമാണെന്നു ബോധ്യപ്പെടുത്തി വിവാഹം മുടക്കാൻ അധികൃതർ ഇത്തിരി പ്രയാസപ്പെട്ടു. തനിക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുമെന്നു ജാതകത്തിൽ കണ്ടെത്തിയതിനാലാണ് ഈ സാഹസത്തിനു മുതിർന്നതെന്നു രാമമൂർത്തി പോലീസിനോട് പറഞ്ഞു. എന്തായാലും ഒടുവിൽ, ആദ്യം കല്യാണം ഉറപ്പിച്ച രേണുകാ ദേവിയുമായുള്ള വിവാഹം അധികൃതർ മുൻകൈയെടുത്ത് നടത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam