കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി.
കണ്ണൂര്‍: കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്. മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആയുധം കൊണ്ട് ആക്രമിച്ചിട്ടില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്ക് സുരക്ഷ ഒരുക്കിയ പൊലീസുകാരാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വധശ്രമ കേസിൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തത് അസ്വാഭാവികമാണെന്ന് പ്രതികളുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രതികൾക്കും തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയായി ജയിലിൽ കഴിയുന്ന കെഎസ്‌യു ജില്ലാ നേതാക്കൾക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് നിർണായക വിവരങ്ങളുള്ളത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിൽ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി ഉപയോഗിച്ചതല്ലാതെ, ആയുധം കൊണ്ട് ആക്രമിച്ചെന്ന് പറയുന്നില്ല.
എന്നാൽ,ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേൽപ്പിച്ചുവെന്നായിരുന്നു റെയിൽവേ പൊലീസ് എടുത്ത കേസിൽ പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടും അന്വേഷണത്തിനായി രണ്ടുദിവസം കസ്റ്റഡിയിൽ വാങ്ങിയിട്ടും ആയുധം കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. മന്ത്രിയെ ആക്രമിച്ചതിന് തെളിവില്ല. സ്ഥലത്ത് കരിങ്കൊടി പ്രതിഷേധവും ഉന്തും തള്ളും മാത്രമാണ് ഉണ്ടായത് എന്നാണ് പൊലീസുകാരുടെ മൊഴി. മന്ത്രിക്ക് പരിക്കേറ്റതിന്‍റെ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയില്ല. മന്ത്രി ചികിത്സ തേടിയ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ മൊഴിയിൽ കഴുത്തിൽ ഉണ്ടായ പരിക്ക് കൈകൊണ്ട് സംഭവിച്ചതാകാം എന്നുമുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്‍യു വും ആരോപിക്കുന്നു. മന്ത്രിയെ കെഎസ്‍യു പ്രവർത്തകർ നേരിട്ട് ആക്രമിച്ചതിന് തെളിവില്ലെന്നും റെയിൽവേ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഇത്തരമൊരു ആക്രമണം നടന്നതായില്ലെന്നുമാണ് കോൺഗ്രസ് വാദം.



