
ഹാദിയ വിഷയത്തില്‍ ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകളുടെ നിലപാടുകളില്‍ വൈരുദ്ധ്യം മാത്രമല്ല കാണേണ്ടത്. വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ തികച്ചും വ്യത്യസ്‌തമാണ്. ഹാദിയക്ക് നീതി ഉറപ്പാക്കുന്നതില്‍ ഭരണഘടനാ സ്ഥാപനങ്ങളെന്ന നിലയില്‍ ഇവര്‍ ഒരുപോലെ പരാജയപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഹാദിയ വിഷയം ഇത്രത്തോളം വഷളാകില്ലായിരുന്നു എന്നതാണ് വസ്തുത.
ഹാദിയ വിഷയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന രാഷ്ട്രീയ വടംവലിയുടെ ആവര്‍ത്തനമാണ് വനിതാ കമ്മീഷനുകളുടെ നിലപാടിലുള്ളത്.
ഹാദിയക്ക് മനുഷ്യാവകാശ പ്രശ്നങ്ങളില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ പ്രസ്താവനയോടെ, വിഷയത്തില്‍ ആദ്യം ഇടപെട്ട സംസ്ഥാന കമ്മീഷന്‍ വെട്ടിലായി. കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറയുന്നു.
മതപരിവര്‍ത്തനത്തില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൗ ജിഹാദുമായി വ്യാഖ്യാനിക്കപ്പെട്ട കേസിലാണ് ദേശീയ വനിതാ കമ്മീഷന്‍റെ അഭിപ്രായം. വിഷയത്തില്‍ തുടക്കത്തില്‍ ഇടപെട്ടത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ്. വിശ്വാസവും ജീവിതവും നിശ്ചയിക്കേണ്ടത് ഹാദിയാണെന്നും ഇക്കാര്യത്തില്‍ യുവതിക്കുമേല്‍ എന്തു സമ്മര്‍ദ്ദമുണ്ടായാലും പുറത്തുവരുമെന്ന് ജോസഫൈന്‍ പറഞ്ഞിരുന്നു. ആ കമ്മീഷന്‍റെ കണ്ടെത്തലുകളാണ് ദേശീയ വനിതാ കമ്മീഷന്‍ ഹാദിയയോട് കേസിനെക്കുറിച്ച് സംസാരിക്കുക പോലും ചെയ്യാതെ തള്ളിയത്.
ഹാദിയക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും മനുഷ്യാവകാശം ഉറപ്പാക്കുമെന്നും പറഞ്ഞ ജോസഫൈന്‍ അതിനായി എന്തു ചെയ്തുവെന്ന ചോദ്യം ബാക്കിയാണ്.
ഒരു ഉദ്യോഗസ്ഥനെ ഹാദിയയുടെ വീട്ടിലേക്കയച്ച് സംസ്ഥാന കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ദേശീയ കമ്മീഷന്‍ തള്ളിയത്. ഹാദിയയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷാഭീഷണിയെ കുറിച്ചും ഒരേസമയം സംസാരിക്കുന്ന ജോസഫൈന്‍ ഹാദിയ വീട്ടില്‍ സുരക്ഷിതയും സന്തോഷവതിയുമാണെന്ന് പറയുന്ന രേഖാ ശര്‍മ്മയുടെ വാക്കുകള്‍ നിഷേധിച്ചില്ല. അതിനാല്‍ സംസ്ഥാന അധ്യക്ഷയുടെ നിലപാട് ദേശീയ കമ്മീഷന്‍റെ കണ്ടെത്തലുകളെ എതിര്‍ക്കാന്‍ പ്രാപ്തമുള്ളവയല്ല.
എന്‍.ഐ.എ അവകാശപ്പെടുന്ന'സൈക്കോളജിക്കല്‍ കിഡ്നാപ്പിങ്' രേഖാ ശര്‍മ്മയുടെ വാക്കുകളിലുണ്ടെന്നിരിക്കെയാണ് ഈ മൗനം. പൊലിസ് സുരക്ഷക്ക് നിര്‍ദേശം നല്‍കിയ എം.സി ജോസഫൈന്‍ ഹാദിയയുടെ വീട്ടുതടങ്കലിന് കരുത്തുപകരുകയും ചെയ്തു.
ഹാദിയക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ പൊലിസിനെ ചുമതലപ്പെടുത്തിയ സ്ഥാനത്താണ് ദേശീയ കമ്മീഷന്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. സുരക്ഷാപ്രശ്നവും മനുഷ്യാവകാശ ലംഘനവും നടക്കാത്ത കേസില്‍ ദേശീയ കമ്മീഷന്‍ ഇനി ഏതുതരത്തിലുള്ള ഇടപെടലാണ് നടത്തുകയെന്ന ചോദ്യം ബാക്കിയാണ്.
നവംബര്‍ 27ന് വൈകിട്ട് മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കാനാണ് പിതാവ് അശോകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേസില്‍ ഹാദിയയുടെ നിലപാടറിഞ്ഞ ശേഷം പിതാവിന്‍റെയും എന്‍.ഐ.എയുടേയും വാദം കേള്‍ക്കാമെന്നും കോടതി ഉത്തരവിലുണ്ട്. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുമ്പോള്‍ പൊളിയുക വനിതാ കമ്മീഷനുകളുടെ ഇരട്ടത്താപ്പും കെടുകാര്യസ്ഥതയും കൂടിയാണ്. സുപ്രീംകോടതിയില്‍ ഹാദിയ ഏത് തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയാലും മനുഷ്യാവകാശ കമ്മീഷനുകളുടെ നിലപാട് കൂടിയാണ് അവിടെ റദ്ദ് ചെയ്യപ്പെടുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam