
ഗോരഖ്പുർ: ഗോരഖ്പുർ ദുരന്തത്തിൽ വിചിത്ര നടപടിയുമായി യോഗി ആദിത്യനാഥ് സർക്കാർ. ദുരന്തമുണ്ടായ ഗോരഖ്പുർ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ കഫീൽ അഹമ്മദിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ആശുപത്രിയിൽ ഓക്സിജൻ തീർന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റിൽനിന്നു പണംമുടക്കി ഓക്സിജൻ വാങ്ങിയതോടെയാണ് കഫീൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. എന്നാൽ സ്വകാര്യ പ്രാക്ടീസ് നടത്തി എന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മുഖ്യന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിൽ സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് നടപടി.
ദുരന്തം നടന്ന രാത്രി കഫീൽ അഹമ്മദ് നടത്തിയ മനുഷ്യത്വപരമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധിവരെയെങ്കിലും കുറച്ചത്. ഓഗസ്റ്റ് 10ന് രാത്രി തന്നെ ഓക്സിജൻ വിതരണം മുടങ്ങുമെന്ന് അധികൃതർക്കു മനസിലായിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയൊന്നും ഉണ്ടായതുമില്ല. ഇതേതുടർന്ന് സമീപത്തെ ആശുപത്രികളിൽനിന്നും ക്ലനിക്കുകളിൽനിന്നും കഫീൽ ഓക്സിജൻ സിലിണ്ടറുകൾ ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണങ്ങൾക്കുശേഷം 12 ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി ആശുപത്രിയിലെത്തിക്കാൻ കഫീലിനു കഴിഞ്ഞു. തുടർന്ന് പ്രദേശത്തെ ഒരു ഓക്സിജൻ വിതരണ കന്പനി സിലിണ്ടറുകൾ നൽകാമെന്ന് ഡോക്ടറെ അറിയിച്ചു. ഇതിന് സ്വന്തം പോക്കറ്റിൽനിന്നാണ് അദ്ദേഹം പണം മുടക്കിയത്. ഈ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതിനു പിന്നാലെ കഫീലിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. സംഭവത്തിൽ ആശുപത്രികളുടെ ഭാഗത്തു പിഴവു പറ്റിയിട്ടുണ്ടെണ്ടെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ദുരന്തത്തിൽ 79 കുഞ്ഞുങ്ങളാണ് ഇതേവരെ മരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പേർ മരിച്ചു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ ആശുപത്രികൾ തയാറാവുന്നില്ലെന്നും ആരോപണമുണ്ട്. കുട്ടികൾ മരിച്ച സംഭവത്തിൽ യാതൊരു ദുരുഹതകളില്ലെന്നും അതിനാൽ പോസ്റ്റുമോർട്ടം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam