തോമസ് ചാണ്ടിയുടെ ആശ്രിതനായി സര്‍ക്കാര്‍ സ്പോണ്‍സേഡ് നിലം നികത്ത്

Published : Aug 13, 2017, 06:13 PM ISTUpdated : Oct 04, 2018, 07:06 PM IST
തോമസ് ചാണ്ടിയുടെ ആശ്രിതനായി സര്‍ക്കാര്‍ സ്പോണ്‍സേഡ് നിലം നികത്ത്

Synopsis

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ  ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനി ഡയറക്ടര്‍ മാത്യുജോസഫിന്‍റെ പേരിലുള്ള ഒന്നരയേക്കര്‍ നെല്‍വയല്‍ സര്‍ക്കാര്‍ നികത്തി ലക്ഷങ്ങള്‍ വിലയുള്ള കരഭൂമിയാക്കി മാറ്റിക്കൊടുത്തു. ദേശീയജലപാതയുടെ ഭാഗമായി പുന്നമടക്കായലില്‍ നിന്ന് നീക്കം ചെയ്ത മണ്ണുപയോഗിച്ചാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഡയറക്ടറുടെ ഈ ഭൂമിക്കളി. ജലപാതയ്ക്കായി ‍‍‍സര്‍ക്കാര്‍ ഡ്രഡ്ജ് ചെയ്ത മണ്ണ് രണ്ട് വര്‍ഷമായിട്ടും വയലില്‍ നിന്ന് നീക്കം ചെയ്യാതെ കരഭൂമിയാക്കുകയായിരുന്നു. ആരും ലേലം ചെയ്ത് എടുക്കാതിരിക്കാന്‍ ചെളിമണ്ണിന് കൂറ്റന്‍ വില നിശ്ചയിച്ചാണ് ഒരു സംഘം ഉദ്യോഗസ്ഥര്‍ ചേര്‍ന്നുള്ള ഈ കള്ളക്കളി. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം.

ദേശീയ ജലപാതയ്ക്ക് സമീപമുള്ള ഭൂമിയുടെ തൊട്ടടുത്ത് താമസിക്കുന്ന വിജയന്‍റെ വാക്കുകള്‍ കേട്ടാണ് ഞങ്ങള്‍ അന്വേഷണം തുടങ്ങിയത്. 2015 ജൂണില്‍ ദേശീയ ജലപാത വീതി കൂട്ടുന്നതിന്‍റെ ഭാഗമായി പുന്നമടക്കായലിലും വാണിയപ്പുരത്തോട്ടിലും ഡ്രഡ്ജിംഗ് നടത്തി. ഇങ്ങനെ കിട്ടിയ ചെളിമണ്ണ് നിക്ഷേപിക്കാന്‍ സീറോ ജെട്ടി വിളക്കുമരം ജെട്ടിയിലുള്ള അഞ്ചുപേരില്‍ നിന്ന് സര്‍ക്കാര്‍ സമ്മതപത്രം വാങ്ങി. ഡ്രഡ്ജിംഗ് തുടങ്ങി സീറോജെട്ടിയില്‍ നിന്നെടുത്ത ചെളിമണ്ണ് അവിടെ സമ്മത പത്രം വാങ്ങിയവരുടെ വയലിലിടാതെ നേരെ കൊണ്ടുവന്ന് മാത്യൂ ജോസഫിന്‍റെ വയലില്‍ നിക്ഷേപിച്ചു. വിളക്കുമരം ജെട്ടിയില്‍ നിന്ന് മാന്തിയെടുത്ത ചെളിയും നിക്ഷേപിച്ചത് മാത്യൂജോസഫിന്‍റെയും അതിനോട് ചേര്‍ന്ന വയലിലും തന്നെ.  

ഡ്രഡ്ജിംഗ് പൂര്‍ത്തിയായപ്പോള്‍ തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ ഡയറക്ടര്‍  മാത്യൂജോസഫിന്‍റെ പേരിലുള്ള 151 സെന്‍റ് നെല്‍വയല്‍ അസ്സല് കരഭൂമിയായി. പിന്നീടാണ് യഥാര്‍ത്ഥ കളി ഉദ്യോഗസ്ഥര്‍ തുടങ്ങിയത്. മണ്ണ് ലേലം ചെയ്ത് നീക്കാനായിരുന്നു തീരുമാനം. ഇതിനായി  ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മണ്ണിന്‍റെ വില നിശ്ചയിക്കണം. 

ആര് നോക്കിയാലും കൊണ്ടുപോകേണ്ട ചെലവ് കൂടി കൂട്ടിയാല്‍ പരമാവധി 5 ലക്ഷം രൂപമാത്രം വിലവരുന്ന ചെളിമണ്ണിന് ഇട്ട വില 36 ലക്ഷത്തി പതിനേഴായിരത്തി ഒരുനൂറ്റി അറുപത്തിയാറ് രൂപ. ആരും ലേലം പിടിക്കരുത് അതാണ് ലക്ഷ്യം. ഉദ്യോഗസ്ഥര്‍ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. ലേലം പിടിക്കാന്‍ എത്തിയവരില്‍  ആരും ആറ് ലക്ഷത്തിന് മുകളില്‍ വില പറഞ്ഞില്ല. ചെളിമണ്ണവിടത്തെ കിടന്നു. 

രണ്ട് കൊല്ലം കൊണ്ട് വെയിലും മഴയുമേറ്റ് ഉഗ്രന്‍ കരഭൂമിയായി. അങ്ങനെ സെന്‍റിന് വെറും 5000 രൂപ വിലയുള്ള പാടം നാലും അ‍ഞ്ചും ലക്ഷം രൂപ വിലയുള്ള നല്ല ഒന്നാന്തരം പ്ലോട്ടായി മാറി.ഇങ്ങനെയാക്കിയതിന്‍റെ പിറകില്‍ മറ്റു ചില താല്‍പര്യങ്ങളാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ വസ്തുവില്‍ സൂക്ഷിച്ചിട്ടുള്ള മണ്ണും കട്ടയും സര്‍ക്കാര്‍ അധീനതയില്‍ ഉള്ളതാണ്. ആയത് എടുക്കുന്നത് കുറ്റവും ശിക്ഷാര്‍ഹവുമാണ്. 

ആരും ഒരു നുള്ള് മണ്ണ് കൊണ്ടുപോവില്ല. ചില്ലിക്കാശ് ചെലവില്ലാതെ ഒരു അനുമതിയും ആവശ്യമില്ലാതെ തോമസ് ചാണ്ടിയടക്കം നിയമസഭയിലിരുന്ന് പാസ്സാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ കൊഞ്ഞനംകുത്തിക്കൊണ്ട് നെല്‍വയല്‍ കരഭൂമിയാക്കുന്ന ഗുട്ടന്‍സ്. സര്‍ക്കാര്‍ സംവിധാനമാകെ ഈ കളിക്ക് കൂട്ട് നിന്നെന്ന് വ്യക്തം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ