കടയക്കരക്കാരുടെ ജീവിതത്തിലേക്ക്  ഡോ.ഷിനു ശ്യാമളനിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Web Desk |  
Published : Jun 11, 2018, 07:03 PM ISTUpdated : Jun 29, 2018, 04:02 PM IST
കടയക്കരക്കാരുടെ ജീവിതത്തിലേക്ക്  ഡോ.ഷിനു ശ്യാമളനിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Synopsis

അത്യാവശ്യ ഭക്ഷ്യസാധനങ്ങളുമായി പോയ  ഡോ.ഷിനുവിന് ഒറ്റകാഴ്ചയില്‍ തന്നെ ബോധ്യപ്പെട്ടു, തന്‍റെ സഹായം കടലില്‍ കായംകലക്കിയതിന് തുല്യമാണെന്ന്.  

കാസർകോട് : കാസർകോട് കടുമേനി കടയക്കര നിവാസികള്‍ ജീവിതത്തിന്‍റെ പുത്തനുണ‍ർവിലാണ്. കഴിഞ്ഞ മാര്‍ച്ച് വരെ ദുരിതങ്ങളുടെ ഘോഷയാത്രയായിരുന്നു കടയക്കരക്കാരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്.  എന്നാല്‍ 2018 മാര്‍ച്ച് രണ്ടിന് അവരുടെ ജീവിതത്തിലേക്ക്  ഡോ.ഷിനു ശ്യാമളനും ഡോ.രാഹുലും കയറി വന്നു. അതുവരെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി പല വഴി, പല പാട് കയറിയിറങ്ങി നിരാശരായവരുടെ ജീവിതത്തിലേക്കായിരുന്നു  ആ ഡോക്ടര്‍ ദമ്പതിമാര്‍ പുതുവെളിച്ചവുമായിയെത്തിയത്. മൗക്കോട് പ്രഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് ഡോ.രാഹുല്‍. ഡോ.ഷിനു ശ്യാമളൻ കണ്ണൂർ ജില്ലയിലെ പെരിങ്ങോം താലൂക്ക് ആശുപത്രിയിലെ അസി.സർജനും.

കാസർകോട് ജില്ലയിലെ വെസ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെട്ട കടുമേനി കടയക്കര കോളനിയില്‍ നല്ലൊരു വീടില്ല. വീടുണ്ടെങ്കില്‍ ശൗച്യാലയമില്ല. വീടുള്ളവര്‍ക്ക് വീടിന് പഞ്ചായത്ത് നമ്പറില്ല. നമ്പറിനായി പഞ്ചായത്തിലെത്തിയാല്‍ നൂറ് ചോദ്യങ്ങള്‍. അതോടെ തീരും നമ്പറിനായുള്ള അലച്ചില്‍. പഞ്ചായത്ത് നമ്പര്‍ കിട്ടിയാല്‍ മാത്രമേ റേഷന്‍ കാര്‍ഡ് കിട്ടൂ.  കൈവശ ഭൂമിക്ക് പട്ടയം കിട്ടാത്തതിനാൽ പഞ്ചായത്ത് വക ശൗച്യാലയത്തിനും അപേക്ഷിക്കുവാന്‍ കഴിയില്ല.  രോഗങ്ങള്‍ മാത്രം കൂട്ടിന്...

ഇത്തരത്തില്‍ നിത്യജീവിതത്തിന് നിവര്‍ത്തിയില്ലാത്തവര്‍ക്കിടയിലേക്കാണ് ഡോ.രാഹുലും ഭാര്യ ഡോ.ഷിനു ശ്യാമളനും കഴിഞ്ഞ മാര്‍ച്ചില്‍ കയറിച്ചെല്ലുന്നത്. തന്‍റെ പിറന്നാളിന് പാവപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ഡോ.ഷിനുവിന്‍റെ ആഗ്രഹത്തിന് ഡോ.രാഹുല്‍ എതിരുനിന്നില്ല. പകരം ഭാര്യയേയും കൂട്ടി അദ്ദേഹം കടയക്കര കോളനിയിലേക്ക് ചെന്നു. അത്യാവശ്യ ഭക്ഷ്യസാധനങ്ങളുമായി പോയ ഡോ.ഷിനുവിന് ഒറ്റകാഴ്ചയില്‍ തന്നെ ബോധ്യപ്പെട്ടു, തന്‍റെ സഹായം കടലില്‍ കായംകലക്കിയതിന് തുല്യമാണെന്ന്.  അന്ന് തന്നെ ഡോ.ഷിനു കടയക്കരക്കാരുടെ ദുരിത ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 

"  എന്റെ ജീവിതത്തിൽ ഏറ്റവും മനസ്സു നിറഞ്ഞു സന്തോഷിച്ച ദിവസം ഇന്നാണ്. അതും എന്റെ ജന്മദിനമായ ഇന്ന്. കാസർകോട് കടുമേനി ആദിവാസി കോളനിയിലെ കുറച്ചു കുടുംബത്തിന് കുറച്ചു ഭക്ഷണസാധനങ്ങൾ കൊടുക്കുവാൻ സാധിച്ചു.

കാൻസർ രോഗികൾ, തളർന്നു പോയവർ, കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടവർ, ജീവിതശൈലി രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർ അങ്ങനെ നിരവധി പേരുടെ വിഷമങ്ങൾ കേൾക്കുവാൻ സാധിച്ചു. "സുഖമാണോ" എന്ന എന്റെ ചോദ്യത്തിന് പലരും ചിരിച്ചു കൊണ്ട് കണ്ണു നിറയുന്നത് ഞാൻ കണ്ടു. എല്ലാം ഉണ്ടായിട്ടും പരിഭവിക്കുന്ന നമ്മൾ. ഇവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ എന്നു തോന്നും.

എല്ലാ മാസവും വരുന്ന പാലിയേറ്റീവ് കെയറിന്റെ കാരുണ്യത്തിൽ മരുന്നുകളും മറ്റും ലഭിക്കുന്നെന്നു അവർ സന്തോഷത്തോടെ പറഞ്ഞു.

എല്ലാ ജന്മദിനത്തിനും തുണിയോ ,മോതിരമോ, കമ്മലോ എനിക്ക് ചേട്ടൻ വാങ്ങി തരും. പക്ഷെ ഈ പിറന്നാളിന് ആ പൈസ ഞാൻ ഇവർക്ക് വേണ്ടി ചിലവാക്കി. പക്ഷെ അന്ന് കിട്ടാത്ത സന്തോഷം ഇന്ന് ഞാൻ അനുഭവിച്ചു. 

ഈ അവസരത്തിൽ എന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. " 

 

ജന്മദിന സന്ദേശങ്ങള്‍ക്ക് മറുപടി കുറിക്കവേ ഡോക്ടര്‍ എഴുതി. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് കടയക്കരക്കാരുടെ ജീവിതത്തിലേക്ക് പുതുവെളിച്ചം കൊണ്ടുവന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഡോ.ഷിനു ശ്യാമളിന്‍റെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്.  തന്നെ സഹായിക്കാന്‍ മനസുള്ളവരുണ്ടെന്ന ബോധ്യം കടയക്കരക്കാര്‍ക്കുവേണ്ടി കൂടുതല്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഡോക്ടറെ പ്രേരിപ്പിച്ചു. 

അത്യാവശ്യ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങിനല്‍കുന്നതില്‍ നിന്നും കടയക്കരക്കാര്‍ക്ക് വേണ്ടി ശൗചാലയങ്ങള്‍ പണിയാന്‍ ഡോക്ടര്‍ തയ്യാറാകുന്നതങ്ങനെയാണ്.   ഒഴിവ് ദിവസങ്ങളിൽ കോളനിയിലെത്തുന്ന ഷിനു ശ്യാമളൻ, കക്കൂസ് നിർമ്മാണത്തിനുള്ള സാധന സമഗ്രഹികൾ നേരിട്ട് പോയി വാങ്ങുകയാണ് ചെയ്യുന്നത്. പണി കരാറടിസ്ഥാനത്തില്‍ ചെയ്താന്‍ കൊടുത്താല്‍ നിലവാരമുള്ള സാധനങ്ങളായിരിക്കില്ല ഉപയോഗിക്കുന്നത്. അതിനാലാണ് താന്‍ നേരിട്ട് പോയി കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഡോ.ഷിനു ശ്യാമളന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അതിലൂടെ അധിക ചെലവ് ഒഴിവാക്കാം. ഗുണനിലവാരം ഉറപ്പ് വരുത്താനും കഴിയും ഡോക്ടര്‍ പറഞ്ഞു. 

മാര്‍ച്ചില്‍ തുടങ്ങിയ യത്നം മേയ് മാസമാകുമ്പോഴേക്കും രണ്ട് ശൗചാലയങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വരെയെത്തി.  രണ്ട് ശൗചാലയങ്ങള്‍ കൂടി പണിയാനുള്ള തയ്യാറെടുപ്പിലാണ് ഡോ.ഷിനു ശ്യാമളനും ഫേസ് ബുക്ക് സുഹൃത്തുക്കളും. കടയക്കരക്കാരെ സഹായിക്കാനായി " നിഴല്‍ " എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പബ്ലിക്ക് ഗ്രൂപ്പും ഡോക്ടര്‍ ദമ്പതികള്‍ തുടങ്ങി. സഹായിക്കാന്‍ മനസുള്ളവര്‍ക്ക് ഈ ഗ്രൂപ്പ് വഴി ഡോക്ടറുമായി ബന്ധപ്പെടാം. ഊര് മൂപ്പൻ രതീഷിന്‍റെ  സഹായത്തോടെയാണ് ഡോക്ടറുടെ സാമൂഹ്യ പ്രവർത്തനം.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശന്‍
ഒറ്റപ്പാലത്ത് സിപിഎം ചെയർപേഴ്സൺ സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; പിന്തുണച്ചത് യുഡിഎഫ് നേതാവ്