നിക്ഷേപ തട്ടിപ്പ്: രാഹുല്‍ ദ്രാവിഡിനും സൈനയ്ക്കും പണി കിട്ടി

By Web DeskFirst Published Mar 15, 2018, 2:33 AM IST
Highlights
  • അതേസമയം പണം നിക്ഷേപിച്ചതായി ദ്രാവിഡും സൈനയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ബെംഗളൂരു: നിക്ഷേപ കമ്പനിയുടെ കോടികളുടെ തട്ടിപ്പിന് ഇരയായവരില്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളുമുള്‍പ്പെടെയുളള പ്രമുഖരെന്ന് പൊലീസ്. വിക്രം ഇന്‍വസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനമാണ് ആയിരത്തി അഞ്ഞൂറോളം ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയത്. അതേസമയം പണം നിക്ഷേപിച്ചതായി ദ്രാവിഡും സൈനയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

വിക്രം ഇന്‍വസ്റ്റ്‌മെന്റ്‌സ് കമ്പനിയില്‍ നിക്ഷേപിച്ച പന്ത്രണ്ട് കോടി തിരിച്ചുകിട്ടുന്നില്ലെന്ന് ഒരു വ്യവസായി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കമ്പനി നടത്തിയ വന്‍തട്ടിപ്പ് പുറത്തായത്. നിക്ഷേപിച്ചതിന്റെ 35 ശതമാനത്തോളം അധികം തുക വര്‍ഷത്തില്‍ തിരിച്ചുനല്‍കുമെന്ന വാഗ്ദാനം കണ്ടാണ് പലരും കമ്പനിയില്‍ പണമിറക്കിയത്. തട്ടിപ്പ് പുറത്തായതോടെ ബനശങ്കരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ പരാതികളുടെ എണ്ണം ദിവസം തോറും കൂടി കൂടി വന്നു. ചൊവ്വാഴ്ച അത് ഇരുനൂറോളമായി .അന്വേഷണത്തിനൊടുവില്‍ ഉടമകളിലൊരാളായ ആര്‍ ശ്രീനാഥ്,മാനേജര്‍ സൂത്രം  സുരേഷ് എന്നിവര്‍ അറസ്റ്റിലായി.

ഇവരെ ചോദ്യം ചെയ്തതോടെയാണ് പ്രശസ്തരമായ പലരും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയത്. 20 കോടി രൂപ നിക്ഷേപിച്ച രാഹുല്‍ ദ്രാവിഡിന് ആറ് വര്‍ഷത്തിനിടെ 12 കോടി മാത്രമാണ് തിരിച്ചുനല്‍കിയത്. ദ്രാവിഡിന്റെ ഭാര്യ വിജേതയുടെ പേരിലും നിക്ഷേപമുണ്ട്. സൈന നേഹ്‌വാളിന് ഒന്നരക്കോടിയാണ് നിക്ഷേപമെന്നും പകുതി തുക മാത്രമാണ് കമ്പനി അവര്‍ക്ക് തിരിച്ചുനല്‍കിയതെന്നും പൊലീസ് പറയുന്നു. ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണും മുന്‍ കര്‍ണാടക ക്രിക്കറ്റ് താരം അവിനാഷ് വൈദ്യയും തട്ടിപ്പിന് ഇരകളായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരാരും പരാതി നല്‍കുകയോ പണം നിക്ഷേപിച്ചതായി സ്ഥിരീകരിക്കുകയോ  ചെയ്തിട്ടില്ല. 

മുന്‍ സ്‌പോര്‍ട്‌സ് ലേഖകന്‍ കൂടിയായ സുരേഷ് വഴിയാണ് താരങ്ങള്‍ പണമിറക്കിയത് എന്നാണ് സൂചന. കമ്മോഡിറ്റി നിക്ഷേപത്തിലേക്കാണ് പണം സ്വീകരിച്ചത്. എട്ട് വര്‍ഷമായി കമ്പനി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കളളപ്പണം നിക്ഷേപിച്ചതുകൊണ്ടാണ് പലരും പരാതി നല്‍കാത്തത് എന്നാണ് പൊലീസിന്റെ നിഗമനം.
 

click me!