
അമ്മയും പോയി ഇനി അര്‍ച്ചന എന്തുചെയ്യും? അഭിജിത്തിന്റെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചു.വ്യക്കരോഗം ബാധിച്ച് ചികിത്സാസഹായം തേടിയ അര്‍ച്ചനയ്ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയും, പ്രതിമാസം 500 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട അര്‍ച്ചനയുടേയും സഹോദരന്‍ അതുലിന്റേയും ദുരിതജീവിതം ഇവരുടെ അയല്‍വാസിയായ അഭിജിത്ത് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സോഷ്യല്‍മീഡിയകളില്‍ വഴി പുറംലോകത്തെത്തിച്ചത്. .
മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന നെഫ്രൊട്ടിക് സിന്റട്രോം എന്ന ഗുരുതര രോഗത്തിന് വളരെക്കാലമായി ചികിത്സയിലായിരുന്നു അര്‍ച്ചന. അഞ്ച് വര്‍ഷം മുന്‍പ് അര്‍ച്ചനയുടെ പിതാവ് ഷോക്കേറ്റ് മരിച്ചിരുന്നു. പിന്നീട് അമ്മ ഹോട്ടല്‍ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയതും അര്‍ച്ചനയുടെ ചികിത്സ മുന്നോട്ട് കൊണ്ടു പോയതും. ഇതിനിടെ കടബാധ്യതകളെ തുടര്‍ന്ന് അര്‍ച്ചനയുടെ വീട് ജപ്തി ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ അഭിജിത്ത് നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് സോഷ്യല്‍മീഡിയയിലെ സുമനസുകള്‍ ഇവര്‍ക്ക് സഹായവുമായി എത്തുകയും ജപ്തി ഒഴിവാക്കുകയുമായിരുന്നു.
പിതാവിന്റെ മരണവും അര്‍ച്ചനയുടെ അസുഖവും മറ്റു സാമ്പത്തിക പ്രതിസന്ധികളും ഒരുവിധം നേരിട്ടു കൊണ്ട് കുടുംബം മുന്നോട്ട് പോകുന്നതിനിടെയാണ് അര്‍ച്ചനയുടെ അമ്മ സുനിത വാഹനാപകടത്തില്‍ മരിക്കുന്നത്. വിനോദയാത്രയ്ക്കായി മകളെ സ്‌കൂളിലെത്തിച്ച ശേഷം മടങ്ങുമ്പോളാണ് സുനിതയെ മരണം കൊണ്ടു പോയത്. ഇതോടെ അര്‍ച്ചനയും സഹോദരന്‍ അതുലും പൂര്‍ണമായും അനാഥരായി. പ്രായമായ മുത്തശ്ശി മാത്രമായിരുന്നു ഇവര്‍ക്കുള്ള ഏകതുണ.
ഈ ഘട്ടത്തിലാണ് ഇവര്‍ക്ക് സുരക്ഷിതമായ ജീവിതമൊരുക്കുക എന്ന ലക്ഷ്യത്തോടെ അഭിജിത്ത് വീണ്ടും സോഷ്യല്‍മീഡിയയുടെ സഹായം തേടുന്നത്. അര്‍ച്ചനയുടേയും അതുലിന്റേയും അവസ്ഥ വിവരിച്ചു കൊണ്ട് അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.അഭിജിത്തിന്റെ നല്ല ലക്ഷ്യം തിരിച്ചറിഞ്ഞ് അതിനൊപ്പം നില്‍ക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സുമനസുകളെത്തി. ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങളും ആ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. നന്മ നിറഞ്ഞ ഹൃദയങ്ങള്‍ അര്‍ച്ചനയേയും അതുലിനേയും കണ്ടു...കേട്ടു... ആ നോവിനെ അവര്‍ നെഞ്ചേറ്റി. അനാഥരായ സഹോദരങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നാലര ലക്ഷത്തോളം രൂപയാണ് പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയത്. അര്‍ച്ചനയ്ക്ക് 18 വയസ്സ് തികയുന്നത് വരെ അവര്‍ക്ക് സഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഒട്ടനവധി പേര്‍ മുന്നോട്ട് വന്നു. അര്‍ച്ചനയും അതുലും തനിച്ചല്ലെന്നുള്ള ഓര്‍മപ്പെടുത്തലായിരുന്നു അത്.
അമ്മയും പോയി, ഇനി അര്‍ച്ചന എന്തു ചെയ്യും?
സൈബര്‍ലോകത്തെന്ന പോലെ പുറത്തും അര്‍ച്ചനയ്ക്കായി അഭിജിത്ത് പല വാതിലുകളും മുട്ടിയിരുന്നു. അര്‍ച്ചനയുടേയും അതുലിന്റേയും അവസ്ഥയെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് അഭിജിത്ത് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ.കെ.ബാലന് അഭിജിത്ത് ഒരു കത്തയച്ചു. ജീവിതവഴിയില്‍ ഒറ്റപ്പെട്ടു പോയ ആ കുരുന്നുകളുടെ നൊമ്പരം മന്ത്രി തിരിച്ചറഞ്ഞു, അര്‍ച്ചനയുടെ വീട്ടിലെത്തിയ മന്ത്രി സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി മടങ്ങി. ഒടുവില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ എ.കെ.ബാലന്‍ അര്‍ച്ചനയുടേയും അതുലിന്റേയും അവസ്ഥ വിവരിച്ചു. കുട്ടികളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ മന്ത്രിസഭാ അവര്‍ക്ക് സാമ്പത്തികസഹായവും പ്രതിമാസം സാമ്പത്തിക സഹായവും അനുവദിച്ചു.
അര്‍ച്ചനയുടേയും അതുലിന്റേയും ഭാവിയെന്താവും എന്ന ആശങ്കപ്പെട്ട എല്ലാവര്‍ക്കും ആശ്വാസമായാണ് സര്‍ക്കാര്‍ തീരുമാനമെത്തിയിരിക്കുന്നത്. അവര്‍ക്ക് സുരക്ഷിതമായ ജീവിതമൊരുക്കാന്‍ പ്രയത്‌നിച്ച അഭിജിത്തിന് ഇത് ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ ദിവസമായിരിക്കും. പാലക്കാട്ടെ കാവശ്ശേരി എന്ന ഗ്രാമത്തില്‍ നിന്നും അര്‍ച്ചനയേയും അതുലിനേയും ലോകത്തിന് മുന്നിലെത്തിച്ച അഭിജിത്തിനെ നമ്മുക്ക് അഭിനന്ദിക്കാം.. അവരുടെ വേദനയില്‍ പങ്കുവയ്ക്കാന്‍ ഓടിയെത്തിയ സുമനസുകള്‍ക്ക് നന്ദി പറയാം.. കുട്ടികള്‍ നേരിടുന്ന അവസ്ഥ തിരിച്ചറിഞ്ഞ് സമയബന്ധിതമായി നടപടിയെടുത്ത മന്ത്രി എ.കെ.ബാലനേയും പ്രശംസിക്കേണ്ടതുണ്ട്... അര്‍ച്ചനയ്ക്കും അതുലിനും ഇത് പരീക്ഷാക്കാലമാണ്. നാളെയെന്തെന്ന ആശങ്കയില്ലാതെ അവര്‍ പഠിക്കട്ടെ, വളരട്ടെ.. അതിനവസരമൊരുക്കിയ എല്ലാ സുമനുസകള്‍ക്കും വീണ്ടും നന്ദി.......
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam