
എറണാകുളം: കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. 200 ലഹരി ഗുളികകളുമായി മൂന്നുപേർ കൊച്ചിയിൽ അറസ്റ്റിലായി. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ഗുളികകളാണ് എറണാകുളം സെൻട്രൽ പൊലീസ് പിടിച്ചെടുത്തത്.
കൊച്ചിയിൽ മയക്കുമരുന്ന് വിൽപ്പനസംഘങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. നഗരത്തിലെ കോളേജുകളിലേയും സ്കൂളുകളിലേയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
കണ്ണമാലി സ്വദേശികളായ റിബിൻ, ക്രിസ്റ്റി, സേവ്യർ അജയ് എന്നിവരാണ് പിടിയിലായത്. ഗോശ്രീ പാലത്തിന് സമീപമുള്ള ചക്യാത്ത് റോഡിൽ വച്ച് വാഹനപരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 200 നൈട്രോസെൻ ഗുളികകളും പിടിച്ചെടുത്തു.
മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഡോക്ടറുടെ കുറിപ്പ് കാണിച്ചാൽ മാത്രം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന ഗുളികയാണ് നൈട്രോസെൻ. എന്നാൽ പോണ്ടിച്ചേരിയിൽ ഈ ഗുളിക ഡോക്ടറുടെ കുറിപ്പില്ലാതെ യഥേഷ്ടം കിട്ടും.
20 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പ് 100 രൂപയ്ക്ക് പോണ്ടിച്ചേരിയിൽ നിന്നും വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിക്കുകയാണ് ഇവരുടെ പതിവ്. ഒരു സ്ട്രിപ്പിന് 500 രൂപ വരെയാണ് ഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്.
24 മണിക്കൂർ തുടർച്ചയായി ലഹരി കിട്ടുന്ന മരുന്നാണ് നൈട്രോസെൻ. ഇതിന്റെ തുടർച്ചയായ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. നൈട്രോസെൻ ഗുളികകൾ നഗരത്തിലെത്തിക്കുന്ന കൂടുതൽ സംഘങ്ങളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam