
കൊച്ചിയിൽ ഒരു കോടി രൂപയുടെ ലഹരി മരുന്നുമായി പിടിയിലായ സനീഷ് മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഏജന്‍റെന്ന് എക്സൈസ്. ഡിജെ പാർട്ടികളിലും സിനിമ ഷൂട്ടിംഗ് സെറ്റുകളിലുമായിരുന്നു മയക്കുമരുന്നിന്‍റെ പ്രധാന വിൽപ്പന. ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് ഇയാൾ പല തവണ ലഹരി മരുന്ന് കൊണ്ടുവന്നിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
കഞ്ചാവിന് പുറമേ വില കൂടിയ ലഹരി മരുന്നിന്റെയും കേന്ദ്രമായി കൊച്ചി മാറുന്നുവെന്നത് എക്സൈസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഗോവയിൽ നിന്നാണ് കൊച്ചിയിലേക്ക് വില കൂടിയ മയക്കുമരുന്ന് എത്തുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം കുന്പളം സ്വദേശി അനീഷ് ഒരു വർഷത്തിലേറെയായി ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഏജന്‍റായി പ്രവർത്തിച്ച് വരികയായിരുന്നു. നഗരത്തിൽ ചില്ലറ വിൽപ്പനയ്ക്കും അനീഷ് ചുക്കാൻ പിടിച്ചിരുന്നതായി എക്സൈസ് പറഞ്ഞു.
കൊച്ചി നഗരത്തിലും നെടുമ്പാശേരിയിലും ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്ത് ഡിജെ പാർട്ടികളും ഇയാൾ നടത്തിയിരുന്നു. ഡിജെ പാർട്ടികളുടെ മറവിൽ നടന്നിരുന്നത് ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയുമാണ്. സിനിമ ഷൂട്ടിംഗ് സെറ്റുകളിലും ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നു.
2,000 രൂപയ്ക്ക് ഗോവയിൽ നിന്ന് കിട്ടുന്ന എംഡിഎംഎയുടെ നൂറ് മില്ലി 6,500 രൂപയ്ക്കാണ് അനീഷ് കൊച്ചിയിൽ വിറ്റിരുന്നത്. എന്നാൽ ആരാണ് അനീഷിന് ലഹരി മരുന്നത് നൽകുന്നതെന്നും കൊച്ചിയിൽ ആരൊക്കെയാണ് മയക്കുമരുന്നിന്‍റെ ഉപഭോക്താക്കളെന്നും വ്യക്തമായിട്ടില്ല. അനീഷിന്‍റെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന നിഗമനത്തിലാണ് എക്സൈസ് സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam