
കൊളമ്പിയ: മുന്‍ കാമുകിയെ കാണാനുള്ള യാത്രയ്ക്കിടെ യാത്രികന്‍ വിമാനത്തില്‍ വച്ച് സഹയാത്രികരെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിക്കുകയും സീറ്റില്‍ മൂത്രമൊഴിക്കുകയും ചെയ്തു. സഹയാത്രികരാണ് മൈക്കല്‍ അലന്‍ ഹാഗ് എന്ന 47 കാരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഡെന്‍വെറില്‍നിന്ന് വിമാനം പറന്ന് തുടങ്ങിയതു മുതല്‍ ഇടതും വലതുമിരുന്ന വനിതാ യാത്രികരെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു മൈക്കല്‍ അലന്‍ ഹാഗ്. യാത്ര തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വിമാനത്തില്‍ അനുവദിച്ച ഡബിള്‍ വോഡ്കയിലൊരെണ്ണം ഇയാള്‍ കഴിച്ചിരുന്നു.
സൗത്ത് കരോലിനയിലെ ചാള്‍സ്ടണിലേക്ക് മണിക്കൂറുകള്‍ നീണ്ട യാത്രയുണ്ട്. ഇതിനിടയില്‍ യുവതികളെ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. ഹാഗിനൊപ്പമിരുന്ന യുവതികളിലൊരാള്‍ ഉറങ്ങുകയും മറ്റൊരാള്‍ ഉണര്‍ന്നിരിക്കുകയുമായിരുന്നു. മധ്യത്തിലുള്ള സീറ്റിലിരുന്ന ഹാഗ് ഉണര്‍ന്നിരുന്ന സ്ത്രീയെ നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ച് ശല്യം ചെയ്തുകൊണ്ടിരുന്നു. വിവാഹ ജീവിതത്തെ കുറിച്ചും ഭര്‍ത്താവുമായുള്ള ബന്ധത്തെ കുറിച്ചും മറ്റും ഇയാള്‍ ചോദിച്ചുകൊണ്ടിരുന്നുവെന്നും തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും ശല്യം തുടരുകയായിരുന്നുവെന്നും യുവതി അന്വേഷണ ഏജന്‍സിയായ എഫ്‍ബിഐയോട് പറഞ്ഞു.
ഇയാള്‍ തന്‍റെ ശരീരത്തിലേക്ക് തുറിച്ച് നോക്കുകയായിരുന്നു. മുന്‍ കാമുകിയെ കാണാന്‍ പോകുകയാണെന്നും അല്‍പ്പം വൈകാരികമാണെന്നും ഇയാള്‍ തന്നോട് പറഞ്ഞെന്നും യുവതി വ്യക്തമാക്കി. പിന്നീട് വീണ്ടും വോഡ്ക ആവശ്യപ്പെടുകയും അത് കഴിക്കുകയും ചെയ്ത ഇയാള്‍ തൊട്ടടുത്ത് ഉറങ്ങുകയായിരുന്ന യുവതിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചു. ഇയാള്‍ എമിലി എന്ന യുവതിയുടെ കൈ വിരലുകളില്‍ സ്പര്‍ശിക്കുകയും ഇതോടെ യുവതി ഞെട്ടിയുണരുകയുമായിരുന്നു.
ഒരു പരിചയവുമില്ലാത്ത ഒരാള്‍ തന്നെ സ്പര്‍ശിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തി. ഇതോടെ ഇയാള്‍ തന്‍റെ കാലില്‍ സ്പര്‍ശിച്ചുവെന്ന് എമിലി പറഞ്ഞു. ഇതിനെതിരെ എമിലി ബഹളമുണ്ടാക്കുകയും വിമാനത്തിലെ ജീവനക്കാരെ വിളിച്ച് വരുത്തുകയും ചെയ്തു. ജീവനക്കാരെത്തി ഇയാളെ മറ്റൊരിടത്തേക്ക് മാറ്റി. എന്നാല്‍ ഇതോടെ ഇയാള്‍ വിമാനത്തിലെ സീറ്റുകള്‍ക്കിടയില്‍ മൂത്രമൊഴിക്കുകയാണ് ഉണ്ടായത്. വിമാനം ചാള്‍സ്ടണില്‍ എത്തിയതോടെ ഇരുവരും ഹാഗിനെതിരെ പരാതി നല്‍കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 25000 ഡോളര്‍ പിഴയടച്ചതിന് ശേഷം അടുത്ത ദിവസം ഹാഗ് ജയില്‍ മോചിതനായി. വിമാനത്തിലം ജീവനക്കാരോട് മോശമായി പെരുമാറിയതിന് കുറ്റം തെളിഞ്ഞാല്‍ ഹാഗിന് 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam