ദുബായ് മെട്രോ പാത ദീര്‍ഘിപ്പിക്കുന്നു

By Web DeskFirst Published Jun 29, 2016, 7:00 PM IST
Highlights

ദുബായിലെ അര്‍മാനി ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മെട്രോ ലൈന്‍ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കിയത്. റൂട്ട് 2020 എന്ന പേരില്‍ എക്‌സ്‌പോ 2020 പ്രദര്‍ശന നഗരി വരെയാണ് ദുബായ് മെട്രോ ലൈന്‍ ദീര്‍ഘിപ്പിക്കുന്നത്. 10.6 ബില്യണ്‍ ദിര്‍ഹമുള്ള പദ്ധതിയുടെ നിര്‍മ്മാണം എക്‌സ്‌പോലിങ്ക് കണ്‍സോര്‍ഷ്യത്തിന് നല്‍കിയതായി ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

ഈ വര്‍ഷം തന്നെ പാത നിര്‍മ്മാണം ആരംഭിക്കും. 15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പാതയില്‍ ഏഴ് സ്റ്റേഷനുകളാണ് ഉണ്ടാവുക. റെഡ് ലൈനിലെ നഖീര്‍ ഹാര്‍ബര്‍ ആന്റ് ടവര്‍ സ്റ്റേഷന്‍ മുതല്‍ ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമേറ ഗോള്‍ഫ് എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെ എക്‌സ്‌പോ 2020 വരെയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്.

15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പാതയില്‍ 3.2 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിരിക്കും. രണ്ട് സ്റ്റേഷനുകളും ഭൂമിക്കടിയിലായിരിക്കും.

നിലവില്‍ 79 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമേ 50 പുതിയ ട്രെയിനുകള്‍ കൂടി വാങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 15 എണ്ണം എക്‌സ്‌പോ കേന്ദ്രത്തിലേക്കായിരിക്കും സര്‍വീസ് നടത്തുക.

2020 മെയ് 20 നാണ് പുതുക്കിയ പാതയുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്. 2019 അവസാനം തന്നെ പരീക്ഷണ ഓട്ടം തുടങ്ങും.

click me!