കേരളത്തെ സഹായിക്കാന്‍ ദുബായ് പൊലീസിന്‍റെ മലയാളം വീഡിയോ

By Web TeamFirst Published Aug 29, 2018, 1:48 PM IST
Highlights

കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് മലയാളിയായ പൊലീസുകാരന്‍ അബ്ദുല്‍ അസീസാണ്. ദുബായ് പൊലീസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുന്ന കോഴിക്കോട് കല്ലാച്ചി സ്വദേശിയാണ് മലയാളത്തില്‍ പ്രളയത്തെക്കുറിച്ച് വിവരിച്ച് സഹായം അഭ്യര്‍ഥിക്കുന്നത്

ദുബായ്: കേരളം കണ്ണീരിലാണ്ട മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കാന്‍ ഏവരും സഹായവുമായി രംഗത്തുണ്ട്. പ്രവാസലോകത്തിന്‍റെ സ്നേഹത്തിന് അതിരില്ലെന്ന് കഴി‍ഞ്ഞ ദിവസങ്ങളില്‍ തന്നെ തെളിഞ്ഞതാണ്. ഇപ്പോഴിതാ അതിരില്ലാത്ത സ്നേഹവുമായി ദുബായ് പൊലീസും രംഗത്തും. കേരളത്തെ സഹായിക്കണമെന്ന് മലയാളത്തില്‍ കൂടി ലോകത്തോട് പറയുകയാണ് ദുബായ് പൊലീസ്.

കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് മലയാളിയായ പൊലീസുകാരന്‍ അബ്ദുല്‍ അസീസാണ്. ദുബായ് പൊലീസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുന്ന കോഴിക്കോട് കല്ലാച്ചി സ്വദേശിയാണ് മലയാളത്തില്‍ പ്രളയത്തെക്കുറിച്ച് വിവരിച്ച് സഹായം അഭ്യര്‍ഥിക്കുന്നത്.

വീഡിയോ കാണാം

മലയാളികള്‍ക്കെല്ലാം അഭിമാനം കൂടിയാണ് ദുബായ് പൊലിസിന്റെ  പരിശീലനം പൂർത്തിയാക്കിയ രണ്ട് മലയാളികളില്‍ ഒരാളായ അബ്ദുല്‍ അസീസ്. പ്രളയകാലത്ത് കേരളത്തിലെ ദുരിതാശ്വാസ ക്യാന്പുകളിലെ നിറ സാന്നിധ്യം കൂടിയായിരുന്നു അസീസ്. അവധിക്ക് നാട്ടിലെത്തിയ അസീസ് ബക്രീദിന്‍റെ തലേദിവസമാണ് ദുബായിയില്‍ തിരിച്ചെത്തിയത്.

"ദുബായ് പൊലീസ് നിങ്ങളോടൊപ്പമുണ്ട്" എന്ന  സന്ദേശത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. മലയാളികളുടെ നിശ്ചയദാർഢ്യത്തെ പ്രകീര്‍ത്തിക്കുന്ന വീഡിയോ കേരളത്തിലെ രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും സഹായത്തിന്‍റെ ആവശ്യകതയെക്കുറിച്ചുമാണ് 50 സെക്കൻഡില്‍ പറയുന്നത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി കേരളത്തെ  കൈവിടരുതെന്ന സന്ദേശമാണ് പരത്തുന്നത്.

1981ല്‍ യുഎഇയിൽ എത്തിയ അസീസിന്‍റെ ജീവിതം മാറ്റി മറിച്ചത് ദുബായ് എമിഗ്രേഷനിലെ ജോലിയായിരുന്നു. അവിടുത്തെ ലോക്കൽ പാസ്പോർട്ട് വിഭാഗം മേധാവി ആദീഖ് അഹ്‌മദ്‌ അൽ മറിയുമായുള്ള ബന്ധമാണ് ദുബായ് പൊലീസിൽ എത്തിച്ചത്. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്ത അസീസ് ഇപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണർ കമ്യൂണിറ്റി ഹാപ്പിനസ് ആൻഡ് സപ്ലൈസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

click me!