
ഒരു ബാറുടമയുടെ വെളിപ്പെടുത്തലില്‍ തുടങ്ങി ആരോപണ വിധേയനായ മന്ത്രിയുടെ രാജിയിലും മറ്റ് മന്ത്രിമാര്‍ക്കെതിരായ വിജലന്‍സ് അന്വേഷണങ്ങളിലേക്കും ബാര്‍കോഴ കേസ് നീണ്ടു. ഒരു കേസ് തന്നെ പല കേസിന് വഴിവച്ചതും അന്വേഷണ ഉദ്യോഗസ്ഥനെതിരെ വന്ന അന്വേഷണവും, കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വിജലന്‍സ് ഡയറക്ടറുടെ രാജിയും അടക്കം നിരവധി സംഭവങ്ങളാണ് കേസന്വേഷണത്തിനിടയ്ക്കുണ്ടായത്‍. വീണ്ടും ഒരു അന്വേഷണത്തിന് കളമൊരുങ്ങുമ്പോള്‍ തുടക്കം കോടതിയിലിരിക്കുന്ന പഴയ കേസ് ഡയറിയില്‍ നിന്ന് തന്നെ. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖാ സിഡിയും ടെലിഫോണ്‍ രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകളും വിശദമായി പരിശോധിക്കും.
എസ്‌പി ആര്‍ സുകേശനെ ഒഴിവാക്കി ചുമതല ഡിവൈഎസ്‌പി നജ്മല്‍ ഹസനെ ഏല്‍പ്പിച്ചെങ്കിലും അന്വേഷണം വിജലന്‍സ് ഡയറക്ടര്‍ തോക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തിലാകുമെന്നും ഉറപ്പ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു തന്നെ അന്വേഷണത്തില്‍ അതൃപ്തനായിരുന്നു കെ.എം മാണി. കേസിലെടുത്ത കര്‍ശന നിലപാടിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട അന്നത്തെ എ.ഡി.ജി.പി ജേക്കബ് തോമസ് ഇന്ന് വിജലന്‍സിന്റെ തലപ്പത്തിരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ കേസന്വേഷണത്തിനുണ്ട്. രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കൂടി പ്രതികൂലമായിരിക്കെ കെ.എം മാണിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വരെ രണ്ടാം തുടരന്വേഷണം ചെന്ന് നില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കേസന്വേഷണം അട്ടിമറിച്ചത് വിജലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയാണെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വെളിപ്പെടുത്തുക കൂടി ചെയ്തതോടെ വന്നതിലും വിചിത്രമായ വഴികളാണ് ബാര്‍കോഴ കേസിനെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam