
കാസർകോട്: ഓണം, വിഷു, ക്രിസ്മസ്, പെരുന്നാള്‍ ആഘോഷമെന്തായാലും കാഞ്ഞങ്ങാട് നഗരത്തിലൂടെ വാഹനത്തില്‍ കടന്ന് പോകണമെങ്കില്‍ തപസിരിക്കണം. അത്രയ്ക്കായിരിക്കും തിരക്ക്. എന്നാല്‍ ഇത്തവണ പെരുന്നാളിന് തിരക്കുണ്ടായിരുന്നിട്ടും വാഹനങ്ങള്‍ക്ക് വലിയ ട്രാഫിക്കില്‍ പെടാതെ പെട്ടെന്ന് തന്നെ നഗരം കടക്കാന്‍ കഴിഞ്ഞു. അതിന് പുറകില്‍ കൈമെയ് മറന്ന് നിന്നത് മറ്റാരുമായിരുന്നില്ല. കാഞ്ഞങ്ങാടിന്‍റെ സ്വന്തം പി.കെ.സുധാകരനായിരുന്നു.
പെരുന്നാളിന് തലേന്നാളാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി പി.കെ.സുധാകരന്‍ ചാര്‍ജ്ജെടുത്തത്. ചാര്‍ജ്ജെടുത്തതിന്‍റെ പിന്നേറ്റായിരുന്നു, നഗരത്തിലെ ട്രാഫിക്ക് നിയന്ത്രിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങിയത്. ഏതെങ്കിലും ഹോംഗാര്‍ഡിനെയോ സിവില്‍ പോലീസ് ഓഫീസറെയോ നിര്‍ത്തി നിയന്ത്രിക്കേണ്ട ട്രാഫിക്കില്‍ ഒരു ഡിവൈഎസ്പിയെ കണ്ട നാട്ടുകാരാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. എന്നാല്‍ ഡിവൈഎസ്പി പി.കെ.സുധാകരന് അത് അത്രവലിയ കാര്യമല്ല.
ഉത്സവാഘോഷങ്ങള്‍ നടക്കുമ്പോള്‍ നഗരത്തിലെ ട്രാഫിക്ക് സംവിധാനം ആകെ തകരാറിലാവും. ഇത് മുന്‍ കൂട്ടികണ്ടാണ് ഹോംഗാര്‍ഡുകളെ മാത്രം ഏല്‍പ്പിക്കാതെ ഡി.വൈ.എസ്.പി നേരിട്ട് ട്രാഫിക്ക് നിയന്ത്രണം ഏറ്റെടുത്തത്. സാധാരണയായി രണ്ട് ഹോംഗാര്‍ഡുകളാണ് കോട്ടച്ചേരി സര്‍ക്കിളില്‍ ട്രാഫിക്ക് നിയന്ത്രിക്കാനുണ്ടാവാറുള്ളത്. താറുമാറായ നഗരത്തിലെ ട്രാഫിക്ക് സംവിധാനം നിയന്ത്രണത്തിലാക്കാനുള്ള കഠിന പരിശ്രമത്തിലാണ് പി.കെ സുധാകരന്‍. കൂടാതെ ട്രാഫിക്ക് നിയന്ത്രണ രംഗത്ത് പരിഷ്‌കരണം കൊണ്ടു വരാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
കാസർകോട് ചിറ്റാരികാലിനടുത്തുള്ള കോടംകല്ലിലെ പി.കെ.സുധാകരൻ 1996-ലാണ് പോലീസിൽ ചേർന്നത്. സാധാരണ പോലീസ് കോൺസ്റ്റബിളായി സർവീസിൽ കയറിയ അദ്ദേഹം കോട്ടച്ചേരിയിൽ അന്നത്തെ ട്രാഫിക് നിയന്ത്രണത്തിലുണ്ടായിരുന്ന പോലീസുകാരിൽ ഒരാളായിരുന്നു. മഴയത്തും വെയിലത്തും ഒരുപോലെ തന്റെ ജോലിയിൽ ആത്മാർത്ഥത കാട്ടിയിരുന്ന സുധാകരൻ 2003-ൽ എസ്.ഐ.ടെസ്റ്റ് എഴുതി വിജയിച്ചു. ട്രാഫിക്കിൽ നിന്ന് എസ്.ഐയും. പിന്നീട് സി.ഐയും ഇപ്പോൾ ഡി.വൈ.എസ്.പി.യും ആയ സുധാകരൻ എന്നാല്‍ തന്റെ പഴയ കാലം മറന്നിട്ടില്ല.
എസ്.ഐ.യിൽ നിന്ന് സി.ഐ. പദവിയിൽ എത്തിയ സുധാകരൻ കാഞ്ഞങ്ങാടും ജോലിചെയ്തിരുന്നു. അന്ന് നഗരത്തിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് സുധാകരൻ സി.ഐ.നടപ്പാക്കിയ സ്റ്റിക്കർ പതിക്കൽ ശിക്ഷ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിങ്ങളുടെ വാഹനം പാർക്ക് ചെയ്ത രീതി തെറ്റാണെന്നും വാഹനവുമായി സ്റ്റേഷനിൽ വന്ന് പിഴ അടക്കണമെന്നുമായിരുന്നു സ്റ്റിക്കർ. നഗരത്തിലെ ട്രാഫിക് പരിഷ്ക്കാരത്തിന് നടപടികൾ നീക്കി തുടങ്ങുമ്പോഴാണ് സ്ഥലം മാറ്റമുണ്ടായത്. കാസർകോട്, പയ്യന്നൂർ, തളിപ്പറമ്പ, കണ്ണൂർ, ആലക്കോട് എന്നിവിടങ്ങളിൽ സി.ഐ.ആയി ജോലി ചെയ്തിട്ടുള്ള സുധാകരൻ ഇവിടങ്ങളിൽ വരുത്തിയ ട്രാഫിക് പരിഷ്‌ക്കാരം പ്രശംസനീയമായിരുന്നു.
കൊലപാതകം, കവർച്ച തുടങ്ങിയ കേസുകളിലും ക്രമസമാധാന പാലനത്തിലും മികവ് കാട്ടുന്ന പോലീസ് ഓഫീസറാണ് 49 കാരനായ പി.കെ.സുധാകരൻ. കാസർകോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ നഗരമായ കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് പ്രശ്‌നം പരിഹരിക്കുന്നതിനായി നഗരസഭാ ചെയർമാനുമായി കൂടി ആലോചിച്ച് അനുചിതമായ നടപടി ഉടൻ ഉണ്ടാകുമെന്നും ട്രാഫിക്ക് നിയന്ത്രിക്കാൻ തന്റെ സഹപ്രവർത്തകർക്കൊപ്പം നഗരത്തിൽ ഇറങ്ങുമെന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.പി.കെ.സുധാകരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam