നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്പി ഒളിവിൽത്തന്നെ; ഇന്ന് അറസ്റ്റിലായത് രണ്ട് പേർ

By Web TeamFirst Published Nov 11, 2018, 8:04 PM IST
Highlights

ഡിവൈഎസ്‍പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് ബിനുവിന്‍റെ മകനും ത‍ൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്. ഡിവൈഎസ്പി രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി തമിഴ്നാട്ടിലുണ്ടെന്നാണ് പൊലീസിന് ഇപ്പോൾ ലഭിയ്ക്കുന്ന സൂചനകൾ.

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകക്കേസിൽ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാർ ഒളിവിൽത്തന്നെ തുടരുകയാണ്. കൊല നടന്ന ആറ് ദിവസം പിന്നിടുമ്പോഴും ഡിവൈഎസ്പി എവിടെയെന്ന കാര്യത്തിൽ കൃത്യമായ സൂചന കണ്ടെത്താനാകാത്തത് പൊലീസിനെ കുഴപ്പിക്കുകയാണ്. 

ഇതിനിടെ, ഡിവൈഎസ്പിയെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കേസിൽ ആദ്യത്തെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡിവൈഎസ്പിയ്ക്ക് സിംകാർഡ് നൽകി സഹായിച്ച തിരുവനന്തപുരം തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനായ സതീശ് ആണ് രാവിലെ ആദ്യം അറസ്റ്റിലായത്. ഡിവൈഎസ്പിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് ബിനുവിന്‍റെ മകൻ അനൂപ് കൃഷ്ണയുടെ അറസ്റ്റും വൈകിട്ടോടെ രേഖപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന് ഡിവൈഎസ്പിയും സുഹൃത്തും അച്ഛനുമായ ബിനുവും രക്ഷപ്പെട്ട വാഹനത്തിന് പകരം വാഹനം എത്തിച്ചത് അനൂപ് കൃഷ്ണയാണ്. ഡിവൈഎസ്പി എവിടെ എന്നതിനെക്കുറിച്ചുള്ള സൂചനകൾക്കായി അനൂപിനെ ചോദ്യം ചെയ്തു വരികയായിരുന്നു പൊലീസ്.   

സനൽകുമാർ മരിച്ചെന്ന് അറിഞ്ഞ ഉടനെ രക്ഷപ്പെട്ട ഡിവൈഎസ്പി തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണ് പിറ്റേദിവസം എത്തിയത്. നേരത്തെ പരിചയമുണ്ടായിരുന്ന ലോ‍‍ഡ്ജ് നടത്തിപ്പുകാരൻ സതീശ് നൽകിയ രണ്ട് സിം കാർഡ് ഉപയോഗിച്ചാണ് ഇയാൾ പലരേയും വിളിച്ചത്. പക്ഷെ ബുധനാഴ്ചയ്ക്ക് ശേഷം ഈ സിം കാർഡുകളിൽ നിന്നും വിളികളില്ല.

സംഭവസ്ഥലത്തുനിന്ന് ഹരികുമാർ രക്ഷപ്പെട്ട സ്വിഫ്റ്റ് കാർ പോലും കണ്ടെത്താനാകാത്തത് പൊലീസിനെ കുഴക്കിയിരുന്നു. തൃപ്പരപ്പ് വരെ ഈ വാഹനത്തിലെത്തിയ ഹരികുമാറിനും ബിനുവിനും ബിനുവിന്‍റെ മൂത്ത മകൻ അനൂപ് കൃഷ്ണ മറ്റൊരു വാഹനം എത്തിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വിഫ്റ്റ് കാർ തേടി പൊലീസ് പരക്കം പായുമ്പോൾ വാഹനം കല്ലറ കതിരുവിളയിലെ കുടുംബവീട്ടിൽ എത്തിച്ച് മൂടി ഇട്ടിരിക്കുകയായിരുന്നു. 

ത‍ൃപ്പരപ്പിൽ നിന്ന് ലോഡ്ജ് നടത്തിപ്പുകാരൻ സതീശിന്‍റെ ഡ്രൈവർ രമേശുമൊത്താണ് ഹരികുമാറും ബിനുവും പുതിയ വാഹനത്തിൽ കടന്നത്. മുഴുവൻ സമയവും ഹരികുമാർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് പൊലീസിന് ലഭിയ്ക്കുന്ന സൂചനകൾ. എന്നാലിയാൾ തമിഴ്നാട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയിട്ടില്ലെന്നും സൂചനയുണ്ട്. 

ഈ മാസം അഞ്ചാം തീയതി രാത്രിയാണ് വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഡിവൈഎസ്പി ഹരികുമാർ സനൽകുമാറിനെ റോഡിലേയ്ക്ക് തള്ളിയിട്ട് കൊല്ലുന്നത്. 

click me!