
ബന്ധുനിയമന വിവാദത്തിൽ ഇ പി ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കിയുള്ള എഫ്ഐആർ കോടതി സ്വീകരിച്ചു. ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ നിർണ്ണായക കേന്ദ്ര കമ്മിറ്റിയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോഴാണ് ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരായ എഫ്ഐആർ കോടതി അംഗീകരിച്ച് തുടരന്വേഷണത്തിന് അനുമതി നൽകുന്നത്. ഇപി ജയരാജനെ ഒന്നാം പ്രതിയും ജയരാജന്റെ ഭാര്യാസഹോദരി പികെ ശ്രീമതിയുടെ മകൻ പികെ സുധീർ, വ്യവസായവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി എന്നിവരെ രണ്ടും മൂന്നും പ്രതികളുമാക്കി സമർപ്പിച്ച എഫ്ഐആറാണ് കോടതി സ്വീകരിച്ചത്. പികെ സുധീറിനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇ എംഡിയാക്കി നിയമിച്ചതിൽ സ്വജനപക്ഷപാതവും ഗുരുതരക്രമക്കേടും നടന്നുവെന്നാണ് വിജിലൻസ് ത്വരിത പരിശോധനയിൽ കണ്ടെത്തിയത്. നിയമനവിവാദത്തിലെ കൂടുതൽ ഇടപാടുകളെകുറിച്ചും കൂടുതൽ നേതാക്കളുടെ ബന്ധുക്കളുടെ നിയമനത്തെ കുറിച്ചുള്ള പരാതികളും തുടരന്വേഷണത്തിൽ പരിശോധിക്കും. വിവാദത്തിൽ ഇ പിയുടെ മന്ത്രിസ്ഥാനം തെറിച്ചെങ്കിലും എഫ്ഐആറിന്റെ പശ്ചാത്തലത്തിൽ സർക്കാറിനെതിരായ നീക്കം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
-
വിവാദത്തെ തുടർന്ന് പി കെ സുധീർ ചുമതലയേറ്റിരുന്നില്ല. എന്നാൽ വ്യവസായ വകുപ്പിൽ മറ്റ് പല ഇടത് നേതാക്കളുടേയും ബന്ധുക്കൾ തുടരുന്ന സാഹചര്യത്തിൽ വിജിലൻസിന്റെ കൂടുതൽ അന്വേഷണം സർക്കാറിനും ഇടതു മുന്നണിക്കും വെല്ലുവിളിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam