
അഭയാർത്ഥികൾക്ക് തിരിച്ചടിയായി യൂറോപ്യൻ നീതിന്യായ കോടതി വിധി. അഭയാർത്ഥികൾക്ക് താത്കാലിക വിസ നൽകാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് ബാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. സിറിയൻ കുടുംബത്തിന് വിസ നിഷേധിച്ച ബെൽജിയൻ സർക്കാരിന്റെ നടപടി കോടതി ശരിവച്ചു.
ബെൽജിയത്തിൽ അഭയം തേടുന്നതിനുള്ള ആദ്യ പടിയായി 90ദിവസത്തെ വിസയ്ക്കാണ് സിറിയൻ കുടുംബം അപേക്ഷ നൽകിയിരുന്നത്. സ്വന്തം രാജ്യത്ത് പീഡനങ്ങൾക്കിരയാകുന്നു എന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയായിരുന്നു . ആവശ്യം നിഷേധിച്ച ബെൽജിയത്തിന്‍റെ തീരുമാനത്തിനെതിരെ കുടുംബം യൂറോപ്യൻ നീതിന്യായ കോടതിയെ സമീപിക്കുകായിരുന്നു. എന്നാൽ പിന്നീട് അഭയം നൽകുന്നതിലേക്ക് നയിക്കുന്ന തരത്തിൽ ഇത്തരം വിസകൾ നൽകണോ എന്നത് ഓരോ അംഗരാജ്യത്തിനും തീരുമാനിക്കാമെന്ന് കോടതി വിധിച്ചു.
അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തെ മറികടന്നാണ് കോടതി വിധി. സ്വന്തം രാജ്യത്ത് പീഡനങ്ങൾക്കിരയാകുന്നവർക്ക് മാനുഷിക പരിഗണന വച്ച് വിസ നൽകണമെന്നാണ് അഡ്വക്കേറ്റ് ജനറൽ നിർദ്ദേശിച്ചത്. എന്നാൽ ഇത് എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം വിസകൾക്കുള്ള അപേക്ഷകൾ കുമിഞ്ഞുകൂടാൻ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം സന്നദ്ധ സംഘടനകൾ വിധിയിൽ നിരാശ പ്രകടിപ്പിച്ചു. ബോട്ടുകളിലും മറ്റും കയറി മോശം സാഹചര്യങ്ങളോട് മല്ലിട്ട് യൂറോപ്യൻ തീരത്ത് അഭയാർത്ഥികളെത്തുന്ന സാഹചര്യം ഇല്ലാതാക്കാൻ താത്കാലിക വിസകളാണ് നല്ലതെന്ന നിലപാടാണ് സന്നദ്ധ സംഘടനകൾക്കുള്ളത്.
താത്കാലിക വിസയിലെത്തി പിന്നീട് പ്രത്യേകം അപേക്ഷ നൽകി യൂറോപ്യൻ രാജ്യത്ത് കുടിയേറാനുള്ള അഭയാർത്ഥികളുടെ അവസരമാണ് വിധിയിലൂടെ ഇല്ലാതായത്. ഓരോ രാജ്യത്തിനും സ്വന്തം താത്പര്യപ്രകാരം ഇത്തരം വിസകൾ നൽകാമെങ്കിലും അതത് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam