അരുണാചൽ പ്രദേശിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാന് കൈമാറിയെന്ന കേസിൽ ഐജാസ് അഹമ്മദ് ഭട്ട്, ബഷീർ അഹമ്മജ് ഗനായി എന്നിവർ അറസ്റ്റിലായി. ഇതോടെ ചാരവൃത്തി കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഈറ്റാനഗർ: അരുണാചൽ പ്രദേശിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി പാകിസ്ഥാന് കൈമാറിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. ഐജാസ് അഹമ്മദ് ഭട്ട്, ബഷീർ അഹമ്മജ് ഗനായി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി ചെയ്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി ഉയർന്നു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഡിസംബർ 18 നാണ് ഇവരെ കുപ്‌വാരയിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരെ അരുണാചലിൽ എത്തിച്ചിട്ടുണ്ട്.
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ച് പാകിസ്ഥാനിലുള്ളവർക്ക് കൈമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും, ഇതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.
നവംബർ 21-ന് കുപ്‌വാര സ്വദേശികളായ നസീർ അഹമ്മദ് മാലിക്, സാബിർ അഹമ്മദ് മിർ എന്നിവരെ പിടികൂടിയതോടെയാണ് ചാരവൃത്തിയുടെ ചുരുളഴിയുന്നത്. ഇതിന് പിന്നാലെ ഷബീർ അഹമ്മദ് ഖാൻ എന്നയാളും ഈറ്റാനഗറിൽ വെച്ച് അറസ്റ്റിലായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിഷയമായതിനാൽ കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


