ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ ഭൂചലനം

By Web TeamFirst Published Dec 28, 2018, 1:06 PM IST
Highlights

പാപുവ ന്യൂ ഗിനിയയുടെ ഭാഗമായ പാപുവയില്‍ ജനസാന്ദ്രത കുറവായത് അപകടങ്ങള്‍ കുറയാന്‍ കാരണമായി. കരയില്‍ നിന്ന് തന്നെ രൂപപ്പെട്ട ഭൂചലനമാണ് ഇതെന്നും സുനാമിക്കുള്ള സാധ്യതകളൊന്നും നിലവില്‍ ഇല്ലെന്നും ഇന്തോനേഷ്യന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു
 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ ഭീതി വിതച്ച് ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യന്‍ പ്രവിശ്യയായ പശ്ചിമ പാപുവയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. 

ഭൂചലനത്തില്‍ അപകടങ്ങളൊന്നും സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഏതാനും സെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. ഇതാണ് വലിയ അപകടങ്ങള്‍ ഒഴിവാകാന്‍ കാരണമായതെന്ന് വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍ ഇനിയും ഭൂചലനത്തിനുള്ള സാധ്യതകള്‍ ബാക്കിനില്‍ക്കുന്നതായി ഇവര്‍ വിലയിരുത്തി. 

പാപുവ ന്യൂ ഗിനിയയുടെ ഭാഗമായ പാപുവയില്‍ ജനസാന്ദ്രത കുറവായതും അപകടങ്ങള്‍ കുറയാന്‍ കാരണമായി. കരയില്‍ നിന്ന് തന്നെ രൂപപ്പെട്ട ഭൂചലനമാണ് ഇതെന്നും സുനാമിക്കുള്ള സാധ്യതകളൊന്നും നിലവില്‍ ഇല്ലെന്നും ഇന്തോനേഷ്യന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. 

ഡിസംബര്‍ 22നാണ് ജാവ, സുമാത്ര ദ്വീപുകളില്‍ സുനാമി ആഞ്ഞടിച്ചത്. ദുരന്തത്തില്‍ 430 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജനവാസമേഖലകളില്‍ കനത്ത നാശനഷ്ടമാണ് സുനാമിയെത്തുടര്‍ന്ന് ഉണ്ടായത്. 

സുനാമിക്ക് രണ്ട് ദിവസം മുമ്പ് പാപുവ ന്യൂ ഗിനിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലമുണ്ടായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇവിടെയുണ്ടായ ഭൂചലനം 15 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
 

click me!