ഉത്തര കൊറിയയില്‍ ഭൂചലനം; ആണവ പരീക്ഷണത്തെ തുടർന്നെന്ന് ചൈന

By Web DeskFirst Published Sep 24, 2017, 6:18 AM IST
Highlights

ഉത്തര കൊറിയയുടെ കിൽജു മേഖലയിൽ  ഭൂചലനം. ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണത്തെ തുടർന്നാണ് ഭൂചലനമെന്ന് ചൈന ആരോപിച്ചു. വടക്കൻ കൊറിയക്കെതിരെ ചൈന ഉപരോധവും ഏർപ്പെടുത്തി. എന്നാൽ ആണവ പരീക്ഷണത്തെ കുറിച്ചുള്ള റിപ്പോർട്ടുകളോട് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.

പ്രാദേശിക സമയം 8.30 ന്   ഭൂചലനം അനുഭവപ്പെട്ടതായാണ് ചൈനീസ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈനയിലെ ഭൂചലന വിഭാഗത്തിലെ ഉദ്യോസ്ഥരാണ് വടക്കൻ കൊറിയയിൽ 3.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയതാണ് ഭൂചലനത്തിനു കാരണമെന്നാണ് ചൈനയുടെ ആരോപണം. എന്നാൽ വടക്കൻ കൊറിയ ഇന്ന് ആണവായുധ പരീക്ഷണം നടത്തിയതായി സ്ഥീരീകരണം ലഭിച്ചിട്ടില്ല.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള മറുപടിയായി പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന് വടക്കൻ കൊറിയയുടെ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈമാസം ആദ്യം ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോഴും സമാനരീതിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രകോപനം തുടരുന്ന ഉത്തര കൊറിയക്ക് മേൽ ഉപരോധവും ചൈന ഏർപ്പെടുത്തി. ശുദ്ധീകരിച്ച പെട്രോളിയത്തിന്റെയും, ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും കയറ്റുമതി വെട്ടിച്ചുരുക്കാനാണ്   ചൈനയുടെ തീരുമാനം. ചൈനയുമായി ശക്തമായ വ്യാപാരബന്ധം പുലർത്തിപ്പോന്ന വടക്കൻ കൊറിയക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.കൊറിയൻ മേഖലയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ ഇറാനും മദ്ധ്യദൂര മിസൈലുകൾ പരീക്ഷിച്ചു.

click me!