തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കും

By Web DeskFirst Published Mar 11, 2018, 4:46 PM IST
Highlights

താല്‍പര്യമുള്ളവര്‍ മാത്രം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന മുന്‍നിലപാട് മാറ്റി നിര്‍ബന്ധമാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. കള്ളവോട്ട് തടയാനും വോട്ടര്‍പട്ടികയിലെ കൃത്രിമങ്ങളും വ്യാജ പേരുകളും തടയാനും ഇക് അത്യാവശ്യമാണെന്നാണ് കമ്മീഷന്റെ വാദം.

താല്‍പര്യമുള്ളവര്‍ മാത്രം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന മുന്‍നിലപാട് മാറ്റി നിര്‍ബന്ധമാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 32 കോടി വോട്ടര്‍മാര്‍ ഇതിനോടകം തന്നെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാല്‍ 54.5 കോടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ കൂടി ശേഖരിക്കുമെന്നും കമ്മീഷന്‍ അവകാശപ്പെടുന്നു.

2015 ഫെബ്രുവരിയിലാണ് ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. എന്നാല്‍ 2015 ഓഗസ്റ്റില്‍ തന്നെ ഇത് സുപ്രീം കോടതി തടഞ്ഞു. പൊതുവിതരണ സംവിധാനത്തില്‍ അല്ലാതെ ഒരിടത്തും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നായിരുന്നു അന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവില്‍ തിരുത്ത് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ തിരിച്ചറിയല്‍ ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ കണക്ഷനുകളും പോലെ വോട്ടര്‍ ഐ.ഡി കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടിവരും.

click me!