
പാലക്കാട് ജില്ലയില്‍ പ്രത്യേകമായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരിക്കുകയാണ്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രേമത്തിലും അതു വഴി ലൈംഗിക അതിക്രമങ്ങളിലും പെടാതിരിക്കാന്‍ ബോധവത്കരണ ക്ലാസുകളും ഇതിനെ സംബന്ധിക്കുന്ന ഹ്രസ്വ ചിത്രങ്ങളും എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണം എന്നാണ് സര്‍ക്കുലര്‍.
'പെണ്‍കുട്ടികളോട് പ്രേമം നടിച്ച് വശീകരണം ബോധവത്കരണം നടത്തുന്നത് സംബന്ധിച്ച്' എന്ന വിഷയ സൂചികയുമായാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിഷയത്തെകുറിച്ച് ഹൈസ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലര്‍മാര്‍ മുഖേന ബോധവത്കരണ ക്ലാസ് നടത്തണം, പി.ടി.എ മീറ്റിങ്ങുകളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തുക, ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടാതിരിക്കാന്‍ അവബോധം സൃഷ്ടിക്കാനായി ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.
ഇവ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള നടപടി ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ സ്വീകരിക്കണം. പ്രധാന അധ്യാപകരെ ചുമതലപ്പെടുത്തണമെന്നും നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് അയച്ച് തരാന്‍ ആവശ്യപ്പെടണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്ത് വരുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ബാലിശമായ പ്രണയമെന്നൊക്കെ പറയുന്നത് എന്തിന്റെ മാനദണ്ഡത്തിലാണെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
വിവാദം കടുത്തതോടെ, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. സര്‍ക്കുലറിനെ നിശിതമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രിക്കടക്കം പരാതികള്‍ ചെല്ലുന്നുണ്ട്. എന്നാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ആവില്ലെന്ന നിലപാടില്‍ തന്നെയാണ് ജില്ലാ ഭരണകൂടവും വിദ്യാഭ്യാസവകുപ്പും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam