
മോസ്കോ: നീണ്ട 28 വര്‍ഷം... ഒരു രാജ്യം കാത്തിരിക്കുകയായിരുന്നു, തങ്ങളുടെ ടീം ലോകകപ്പ് വീണ്ടും കളിക്കുന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി. കാത്തിരുപ്പുകള്‍ക്ക് അവസാനം കുറിക്കാന്‍ ഒരു ചുരുണ്ട മുടിക്കാരന്‍ ജന്മമെടുത്തു. അവനെ അവര്‍ സ്നേഹത്തോടെ വിളിച്ചു... ഈജിപ്തിന്‍റെ രാജകുമാരന്‍. കാലില്‍ പന്ത് കിട്ടുമ്പോഴെല്ലാം മുഹമ്മദ് സലാ എന്ന ആ രാജകുമാരന്‍ ഗോളുകള്‍ അടിച്ചു കൂട്ടി.
ഇന്ന് സലായുടെ പിറന്നാളാണ്. താന്‍ എന്തിന് വേണ്ടി കാത്തിരുന്നോ അത് പിറന്നാള്‍ ദിനം തന്നെ നടക്കുകയെന്ന വലിയ ഭാഗ്യം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, പരിക്കിന്‍റെ രൂപത്തില്‍ വില്ലന്‍ അവതരിച്ചപ്പോള്‍ സലായ്ക്ക് വരയ്ക്ക് അപ്പുറമിരുന്നു കളി കാണേണ്ടി വന്നു. ഈജിപ്തിന്‍റെ ഓരോ മുന്നേറ്റം വരുമ്പോഴും മുഖത്ത് ആ നിഷ്കളങ്കമായ ചിരി വിടര്‍ന്നു. കയ്യടിച്ച് തന്‍റെ ടീമിനെ പ്രോത്സാഹിപ്പിച്ചു.
സുവാരസും കവാനിയും ഈജിപ്ഷ്യന്‍ പാളയത്തിലേക്ക് പന്തുമായെത്തുമ്പോള്‍ ആ മുഖം വിവര്‍ണമായി. മത്സരം സമനിലയായെന്ന് എല്ലാവരും ഉറപ്പിച്ച് ഘട്ടത്തില്‍ അതാ ഈജിപ്തിന്‍റെ ഹൃദയം തകര്‍ത്ത ഗിമിനെസിന്‍റെ ഹെഡര്‍ പിറക്കുന്നു. അത് വരെ സന്തോഷത്തിലായിരുന്ന സലയടെ മുഖത്തെ ചിരി മങ്ങി, ആ തല താഴ്ന്നു. ഇന്നത്തെ ഈജിപ്തിന്‍റെ കളി കണ്ട ഉറുഗ്വെ ആരാധകര്‍ പോലും അവര്‍ തോല്‍വി അര്‍ഹിച്ചിരുന്നില്ലെന്ന് പറയും.
വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ലാറ്റിനമേരിക്കന്‍ നിരയ്ക്കെതിരെ അത്ര സുന്ദരമായി പന്ത് തട്ടാന്‍ ഈജിപ്ത് പടയ്ക്ക് സാധിച്ചു. പലപ്പോഴും ഉറുഗ്വെയുടെതിനേക്കാള്‍ മികച്ച നീക്കങ്ങളുമായി അവര്‍ കളവും നിറഞ്ഞു. പക്ഷേ, മുന്നേറ്റങ്ങള്‍ക്കെല്ലാം അര്‍ഥമുണ്ടാകുന്നത് ഗോളുകള്‍ പിറക്കുമ്പോഴാണ്. ഈജിപ്തിനായി ഗോള്‍ അടിക്കേണ്ടവന്‍ കളത്തിന് പുറത്തിരിക്കുമ്പോള്‍ പൂര്‍ണമാക്കാനാവാത്ത മുന്നേറ്റങ്ങളായി എല്ലാം ഒതുങ്ങി.
സലാ ഉണ്ടായിരുന്നെങ്കില്‍ ഈ കളി ഞങ്ങള്‍ ജയിച്ചേനെ... മത്സരം കഴിഞ്ഞിറങ്ങിയ ഈജിപ്ഷ്യന്‍ ആരാധകര്‍ ഇത് പറയുമ്പോള്‍ അത് വെറുതെയല്ല. അത്ര മാത്രം വിശ്വാസമാണ് സലാ എന്ന പേരില്‍ അര്‍പ്പിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിന്‍റെ ചലഞ്ചിലാണ് സലായ്ക്ക് പരിക്കേല്‍ക്കുന്നത്. ലോകകപ്പ് നഷ്ടമാകില്ലെന്ന് ഉറപ്പായിരുന്നെങ്കിലും ആദ്യ മത്സരം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പക്ഷേ, കളിക്കാനാകുമെന്ന പ്രതീക്ഷയാണ് എല്ലാ തവണയും സലാ പങ്കുവെച്ചത്. ഇനി ഈജിപ്തിന് നേരിടാനുള്ളത് റഷ്യയും സൗദി അറേബ്യയെയുമാണ്.ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ടീം ഉറുഗ്വെയാണ്. അവരോട് തോല്‍വിയേറ്റ് വാങ്ങിയെങ്കിലും ഇനിയുള്ള രണ്ടു മത്സരങ്ങളും വിജയിച്ചാല്‍ ആഫ്രിക്കന്‍ ടീമിന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാം. സലാ വരും ഞങ്ങള്‍ ജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഈജിപ്ഷ്യന്‍ ആരാധകര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam