പെരുന്നാള്‍ ആഘോഷത്തിനായി ഒരുങ്ങി ഗള്‍ഫ് നാടുകള്‍

By Vipin PanappuzhaFirst Published Jul 5, 2016, 6:22 PM IST
Highlights

പെരുന്നാളിന് ഖത്തറും ഒരുങ്ങി

ഇത്തവണ സ്‌കൂൾ അവധിയും പെരുന്നാളും ഒന്നിച്ചെത്തി എന്ന പ്രത്യേകതയിലാണ് ഖത്തര്‍. പെരുന്നാളിന് രണ്ടു ദിവസം മുമ്പ് സ്‌കൂൾ അവധി തുടങ്ങിയെങ്കിലും യാത്രക്കാരുടെ തിരക്കും ഉയർന്ന ടിക്കറ്റ് നിരക്കും കണക്കിലെടുത്ത് പെരുന്നാളിന് ശേഷം സമാധാനത്തോടെ നാട്ടിലേക്കു മടങ്ങാനാണ് കുടുംബമായി താമസിക്കുന്നവരുടെ തീരുമാനം.

അതുകൊണ്ടു തന്നെ ഇത്തവണത്തെ പെരുന്നാൾ കൂടുതൽ പൊലിമയോടെ ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് എല്ലാവരും. പെണ്ണുങ്ങൾ മൈലാഞ്ചി മൊഞ്ചിൽ കൂടുതൽ സുന്ദരികളായി അണിഞ്ഞൊരുങ്ങുമ്പോൾ അതിഥികളെ സൽകരിച്ചും   സൗഹൃദങ്ങൾ പുതുക്കിയും പെരുന്നാൾ രാവ് സജീവമാകുകയാണ് പുരുഷന്മാർ.

ഒന്നിലേറെ കുടുംബങ്ങൾ ഒരു വീട്ടിൽ ഒത്തുകൂടിയാണ് പലരും പെരുന്നാൾ രാവ് ആഘോഷിക്കുന്നത്. ഒരു മാസത്തെ ഭക്തി നിർഭരമായ പ്രാർത്ഥനകൾക്ക് ശേഷം പെരുന്നാൾ പാട്ടിന്റെ ഇമ്പമുള്ള ഇശലുകൾ വീടുകളിൽ നിറയുന്നു.

സൗദിയിലെ പെരുന്നാള്‍

ശവ്വാല്‍ മാസപ്പിറവി കണ്ടതോടെ സൌദിയിലെങ്ങും ചെറിയപെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. ഫ്ലാറ്റുകളും വില്ലകളും കേന്ദ്രീകരിച്ചാണ്  മലയാളീ കുടുംബങ്ങളുടെ ആഘോഷങ്ങള്‍. പെരുന്നാള്‍ പാട്ടുകള്‍ പാടിയും,മൈലാഞ്ചിയിട്ടും, മധുരവും നാണയത്തുട്ടുകളും വിതരണം ചെയ്തും പെരുന്നാള്‍ രാവിനെ സജീവമാക്കുന്നു. വീടുകളിലും പള്ളികളിലും തക്ബീര്‍ ധ്വനികള്‍ മുഴങ്ങുന്നു. 

പാവപ്പെട്ടവര്‍ക്ക് ഫിതര്‍ സക്കാത്തിന്‍റെ അരി വിതരണം ചെയ്ത്, പുതുവസ്ത്രം ധരിച്ച്, പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ച് പ്രവാസി മലയാളികളും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പെരുന്നാള്‍ ആഘോഷിക്കുകയാണ്.

മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇതിനകം എത്തിച്ചേര്‍ന്നു. പെരുന്നാളവധി വേളയില്‍ ചില മലയാളീ സംഘടനകള്‍ കലാപരിപാടികളും വിനോദ യാത്രകളുമെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. പെരുന്നാളാഘോഷിക്കാനായി മാത്രം ഗള്‍ഫില്‍ നിന്നും ആയിരക്കണക്കിന് മലയാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തി.

പെരുന്നാൾ ദിവസം അതിരാവിലെ കുളിച്ചൊരുങ്ങി സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം പെരുന്നാൾ നമസ്കാരത്തിനായി ഈദുഗാഹുകളിലേക്ക് പോകും. ഉച്ച ഭക്ഷണം കൂടി കഴിഞ്ഞാണ് എല്ലാവരും ആഘോഷങ്ങളിൽ സജീവമാവുക.

സ്‌കൂൾ അവധി കൂടി കണക്കിലെടുത്ത് ഖത്തറിൽ ഇത്തവണ വിപുലമായ ആഘോഷപരിപാടികളാണ് വിവിധ മന്ത്രാലയങ്ങൾ ഒരുക്കിയിട്ടുള്ളത്. ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ സൗദിയിലെ മലയാളികള്‍. നേരത്തെ ആരംഭിച്ചു.

മൈലാഞ്ചിയിട്ടും മധുരം വിതരണം ചെയ്തും പാട്ടു പാടിയും കുട്ടികളും സ്ത്രീകളുമെല്ലാം ആഘോഷങ്ങളുടെ ഭാഗമാകുകയാണ്.


യുഎഇയിലെ പെരുന്നാള്‍

ഗൾഫ് മലയാളികളും പെരുന്നാൾ ഒരുക്കത്തിനുള്ള അവസ്സാനവട്ട തയ്യാറെടുപ്പിലാണ്. ഒന്നിനും ഒരു കുറവും ഉണ്ടാകാതിരിക്കാൻ ആഘോഷത്തിന് വേണ്ടതെല്ലാം വാങ്ങിക്കൂട്ടുകയാണ് എല്ലാവരും

എല്ലാവരും പെരുന്നാല്‍ പാച്ചിലിലാണ്. ചെറിയ പെരുന്നാല്‍ തലേന്ന് ദേര ദുബായില്‍ നിന്നുള്ള കാഴ്ചയാണിത്. പുതു വസ്ത്രങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്ത് പെരുന്നാള്‍. തെരുവ് നിറഞ്ഞ് നില്‍ക്കുന്ന വസ്ത്രക്കടകള്‍ക്കുള്ളില്‍ കനത്ത തിരക്ക്. കാസര്‍ക്കോട് സ്വദേശികളുടെ തുണിക്കടകളില്‍ പുതുഫാഷനുകളുടെ ധാരാളിത്തം. അതുകൊണ്ട് തന്നെ ദേര ദുബായിലെ ഇവരുടെ കടകളിലാണ് തിരക്ക് കൂടുതലും.

പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കാനായി ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്കാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍. ഇറച്ചിക്കടകളിലും തിരക്ക് കുറച്ചധികമുണ്ട്. സലൂണുകളില്‍ വരെ കനത്ത തിരക്ക്. മുടി വെട്ടാനും ഫേഷ്യല്‍ ചെയ്ത് കുട്ടപ്പന്മാരാകാനും ഊഴം കാത്തിരിക്കുന്നവര്‍ പെരുന്നാള്‍ തലേന്നത്തെ കാഴ്ച. 
പലപ്പോഴും തങ്ങള്‍ക്ക് നേരം പുലരുന്നത് വരെ തുറന്നിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ടെന്ന് ബാര്‍ബര്‍മാര്‍ പറയുന്നു. മുടിവെട്ടി, കുളിച്ച് പുതുവസ്ത്രമിട്ട് പെരുന്നാള്‍ നമസ്ക്കാരത്തിന് പോകുന്ന സുഖം ഒന്ന് വേറെയെന്നാണ് വിശ്വാസികളുടെ പക്ഷം 
 

click me!