കറപ്പത്തോട്ടം ഭൂമിവില്‍പന: കാന്തപുരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം

By Web DeskFirst Published Jun 17, 2016, 8:58 AM IST
Highlights

കണ്ണൂര്‍: കണ്ണൂരിലെ അഞ്ചരിക്കണ്ടിയില്‍ കറപ്പത്തോട്ടം തരം മാറ്റി മെഡിക്കല്‍ കോളജ് പണിത കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രതി ചേര്‍ക്കാത്തത് സര്‍ക്കാരിടപെടല്‍ കാരണമാണെന്ന് ഇ കെ സുന്നി വിഭാഗം. പരാതി കാന്തപുരത്തിനെതിരായായിരുന്നുവെങ്കിലും എഫ് ഐ ആറില്‍ നിന്ന് കാന്തപുരത്തെ ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്.
 
തലശേരി വിജിലന്‍സ് കോടതിയില്‍ ഇരിട്ടി സ്വദേശി ഷാജി സമര്‍പ്പിച്ച പരാതിയില്‍ നാലാം പ്രതിയായി ചേര്‍ത്തത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയാണ്.  ഇതേ പരാതി പരിഗണിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടപ്പോള്‍ കാന്തപുരത്തെ ഒഴിവാക്കി മറ്റു മൂന്ന് പേരെയും പ്രതികളാക്കി. വിജിലന്‍സിന്റെ ഈ നടപടിയാണ് വിവാദമാകുന്നത്. ഭൂമി  സുരേഷ് മൈക്കിള്‍ നിര്‍മ്മലാ മൈക്കിള്‍ എന്നിവരില്‍ നിന്ന് കാന്തപുരം സെക്രട്ടറിയായ ട്രസ്റ്റ് വാങ്ങുമ്പോള്‍ എസ്റ്റേറ്റ് ഭൂമിയാണ്.

പക്ഷെ കാന്തപുരം മുക്തിയാര്‍ നല്‍കിയ ജബ്ബാര്‍ ഹാജി  ഭൂമി തന്റെയും കുടുംബത്തെയും പേരിലാക്കിയപ്പോള്‍  പൂന്തോട്ടമായി. അപ്പോള്‍ പിന്നെ കാന്തപുരത്തെകൂടി പ്രതി ചേര്‍ക്കണ്ടതല്ലേ എന്ന ചോദ്യമാണുയരുന്നത്. അന്വേഷണഘട്ടത്തില്‍ ആവശ്യമെങ്കില്‍ കാന്തപുരത്തെ പ്രതി ചേര്‍ക്കുമെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. പക്ഷെ തെരഞ്ഞടുപ്പില്‍ സഹായിച്ചതിന് കാന്തപുരത്തോട് സര്‍ക്കാര്‍ പ്രത്യപകാരം കാണിക്കുന്നുവെന്നാണ് എതിരാളികളുടെ പരാതി.
 
വിജിലന്‍സിനെതിരെ വിണ്ടും കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം. ഇ കെ സുന്നികളുടെ നിയന്ത്രണത്തിലുള്ള പത്രമാധ്യമങ്ങള്‍ വിവാദം ഏറ്റുപിടിച്ചതോടെ കാന്തപുരം വിഭാഗവും പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കേസിനെക്കുറിച്ച് പരസ്യപ്രതികരണത്തിന് കാന്തപുരം തയ്യാറായിട്ടില്ല. .

Latest Videos

 

 

click me!