ഡിജിപി കൊച്ചിയിലെത്തി; ജിഷ കൊലക്കേസ് പ്രതിയെ മൂന്നു മണിയോടെ കോടതിയില്‍ ഹാജരാക്കും

By Web DeskFirst Published Jun 17, 2016, 8:47 AM IST
Highlights

ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് ഇയാളെ കോടതിയില്‍ ഹാജരാക്കിയാല്‍ മതി.  മുംബൈയിലായിരുന്ന ഡിജിപി ലോക്നാഥ് ബെഹ്റ അല്‍പസമയം മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടര്‍ന്ന് ആലുവ പൊലീസ് ക്ലബ്ബിലും എത്തി. പ്രതിയെ ഡിജിപി ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുന്നത്. അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്ദ്യോഗസ്ഥരും പൊലീസ് ക്ലബ്ബിലെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും വലിയൊരു ദൗത്യമാണ് പൊലീസ് വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കുന്ന കാര്യം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയുടെ വൈദ്യ പരിശോധന ഉച്ചയ്ക്ക് മുമ്പ് തന്നെ പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്താനായിരുന്നു ആദ്യം പൊലീസ് തീരുമാനിച്ചിരുന്നതെങ്കിലും പോകുന്ന വഴിയിലോ ആശുപത്രിയിലോ വെച്ച് ഇയാള്‍ക്ക് നേരെ ആക്രമണം നടക്കാനുള്ള സാഹചര്യം പരിഗണിച്ച് ഡോക്ടറെ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവരികെയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പെരുമ്പാവൂര്‍ കോടതിയിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

click me!