ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്  ആഗസ്റ്റ് അഞ്ചിന്

By Web DeskFirst Published Jun 29, 2017, 2:43 PM IST
Highlights

ദില്ലി: ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആഗസ്റ്റ് അഞ്ചിന് നടക്കും. ദില്ലിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സയ്ദി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ആഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിക്കും. 

നാമനിര്‍ദ്ദേശപത്രിക നല്കാനുള്ള അവസാന തീയതി ഈ മാസം പതിനെട്ടാണ്. തെരഞ്ഞെടുപ്പും വോട്ടെണ്ണെലും ആഗസ്റ്റ് അഞ്ചിന് നടക്കും. നോമിനേറ്റ് ചെയ്തവര്‍ ഉള്‍പ്പടെ ലോക്‌സഭയിലെ 545 അംഗങ്ങള്‍ക്കും  രാജ്യസഭയിലെ 245 അംഗങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകും. ആകെ 790 പേര്‍ ഉള്‍പ്പെടുന്ന ഇലക്ട്രല്‍ കോളേജില്‍ 430 പേരുടെ പിന്തുണ എന്‍.ഡി.എയ്ക്കുണ്ട് എന്നതിനാല്‍ ഭരണപക്ഷ സ്ഥാനാര്‍ത്ഥി അനായസമായി വിജയിക്കും. 

കേന്ദ്രമന്ത്രിമാരെ ആരെയും പരിഗണിക്കില്ല എന്ന് പ്രധാനമന്ത്രി ഇതിനോടകം സൂചന നല്കിയിട്ടുണ്ട്. ഒ.ബി.സി വിഭാഗത്തിനെ ഒപ്പം നിര്‍ത്താന്‍ ബീഹാറില്‍ നിന്നുള്ള ഹുക്കുംദേവ് നാരായണ്‍യാദവിനെ പരിഗണിക്കും എന്ന അഭ്യൂഹമുണ്ട്. തെക്കേ ഇന്ത്യയില്‍ നിന്നുള്ള ഒരു നേതാവിനെ ഉപരാഷ്ട്രപതിയാക്കണം എന്ന വാദവും ബി.ജെ.പിയിലുണ്ട്. 

രാഷ്ട്രപതി സ്ഥാനത്തേക്ക് നല്കിയ പത്രികകളില്‍ രണ്ടു പേരുടെ ഒഴികെയുള്ളമ സുക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ രാംനാഥ് കോവിന്ദും മീരാകുമാറും തമ്മിലാകും റയ്‌സീനാ കുന്നിലേക്ക് മത്സരം നടക്കുമെന്നുറപ്പായി.

click me!