ബെംഗളൂരു യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവർക്ക് വീട് നൽകുന്നതിനെ കർണാടക ബിജെപി ശക്തമായി എതിര്‍ത്തു. ഇതിന് പിന്നിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.സി. വേണുഗോപാലിന്റെയും ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു.
ബെംഗളൂരു: യെലഹങ്ക പുനരധിവാസത്തെ വിമർശിച്ച് ബിജെപി. കുടിയൊഴിപ്പിച്ചവർക്ക് വീട് നൽകുന്നതിന് പിന്നിൽ കേരളത്തിന്റെ ഗൂഢാലോചനയാണെന്ന് കർണാടക ബിജെപി ആരോപിച്ചു. അധികാരത്തിൽ തുടരാൻ പിണറായിയും മുഖ്യമന്ത്രിയാകാൻ കെ.സി. വേണുഗോപാലുമാണ് ഇടപെടൽ നടത്തിയത്. അതേസമയം, കർണാടകയിൽ മുഖ്യമന്ത്രി പദം ഉറപ്പിക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി. കർണാടകത്തിൽ ഭൂമി നൽകാൻ പറയാൻ കേരള മുഖ്യമന്ത്രി ആരാണെന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് ചോദിച്ചു. സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിനെയും അശോക വിമർശിച്ചു.
യെലഹങ്കയിലെ താമസക്കാരുടെ നേറ്റിവിറ്റി പരിശോധിക്കണമെന്നും ബംഗ്ലാദേശിൽ നിന്ന് എത്തിയവരെ കുറിച്ച് എൻഐഎ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളും ബംഗ്ലാദേശികളുമാണ് യെലഹങ്കയിലെ കൈയേറ്റക്കാരെന്നും അശോക ആരോപിച്ചു. കുടിയിറക്കിയവർക്ക് വീട് നൽകുന്നതിനെയും ബിജെപി എതിർത്തു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇവർക്ക് വീട് നൽകുന്നതിൽ ഗൂഢാലോനയുണ്ടെന്നും കേരളത്തിന് പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു.
ഡിസംബർ 20നാണ് ഫക്കീർ കോളനിയിലെ 160ലേറെ വീടുകൾ പൊളിച്ച് നീക്കിയത്. അഞ്ഞൂറിലേറെപ്പേരാണ് ഇതോടെ വഴിയാധാരമായത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തുടർന്ന് സംഭവം രാജ്യവ്യാപക ശ്രദ്ധനേടി. തുടർന്ന് കുടിയിറക്കപ്പെട്ടവർക്ക് വീട് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

