രണ്ട് വിവാഹം കഴിക്കാന്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിച്ച് യു.എ.ഇ; ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

By Web DeskFirst Published Mar 2, 2018, 4:47 PM IST
Highlights

പുതിയ തീരുമാനത്തിലൂടെ രണ്ടാം വിവാഹം കൂടുതല്‍ എളുപ്പമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്

ദുബായ്: രണ്ട് ഭാര്യമാരുള്ള സ്വദേശി പുരുഷന്മാര്‍ക്ക് ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കാന്‍ യു.എ.ഇ തീരുമാനിച്ചു. രാജ്യത്ത് അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ്  ഭരണകൂടത്തിന്റെ തീരുമാനം.

യു.എ.ഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് മന്ത്രി ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമിയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചത്. സ്വദേശിയുടെ ആദ്യ ഭാര്യയ്ക്ക് ലഭിക്കുന്നത് പോലെ തന്നെ രണ്ടാം ഭാര്യയ്ക്കും ശൈഖ് സായിദ് ഹൗസിങ് പ്രോഗ്രാമില്‍ നിന്ന് ധനസഹായം നല്‍കും. ആദ്യ ഭാര്യയ്ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ തന്നെ രണ്ടാം ഭാര്യയ്ക്കും ലഭ്യമാക്കുന്നത് വഴി രാജ്യത്ത് അവിവാഹിതരായ സ്ത്രീകളുടെ എണ്ണം പുതിയ തീരുമാനത്തിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മെച്ചപ്പെട്ട ഭവന സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയാത്തത് കൊണ്ടാണ് മിക്ക പുരുഷന്മാരും രണ്ടാമതൊരു വിവാഹത്തിന് തയ്യാറാവാത്തതെന്നും പുതിയ തീരുമാനത്തിലൂടെ രണ്ടാം വിവാഹം കൂടുതല്‍ എളുപ്പമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ഒന്നാം ഭാര്യ താമസിക്കുന്ന വീടിന് സമീപത്തായി ഒരു പ്രത്യേക സംവിധാനം ഒരുക്കുന്നതിനുള്ള സഹായം നല്‍കാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഇത് രണ്ട് ഭാര്യമാര്‍ക്കുമിടയില്‍ വിവേചനത്തിന് കാരണമായേക്കുമെന്നതിനാല്‍ ആദ്യ ഭാര്യയ്ക്ക് ഉള്ള അതേ സൗകര്യങ്ങളുള്ള വീട് തന്നെ രണ്ടാം ഭാര്യയ്ക്കും നല്‍കണമന്ന് തീരുമാനിച്ചു.

click me!