കെവിൻ ചേട്ടനെ കണ്ടുപിടിച്ച് തരണേന്ന് ഞാൻ പറഞ്ഞതാ; ഉള്ളുലഞ്ഞ് നീനു പറയുന്നു

Sumam Thomas |  
Published : May 29, 2018, 01:22 PM ISTUpdated : Jun 29, 2018, 04:18 PM IST
കെവിൻ ചേട്ടനെ കണ്ടുപിടിച്ച് തരണേന്ന് ഞാൻ പറഞ്ഞതാ; ഉള്ളുലഞ്ഞ് നീനു പറയുന്നു

Synopsis

നീനു ചോദിക്കുന്നു, ഇനി എന്തു ചെയ്യും അച്ചാച്ചാ? കെവിൻ തിരിച്ചു വരുമെന്ന് തന്നെയാണ് ആ പെൺകുട്ടി പ്രതീക്ഷിച്ചത് കെവിന്റെ സംസ്കാരം ഇന്ന് മൂന്നുമണിക്ക്

ആ​ഗ്രഹങ്ങൾ പൂർത്തിയാകാതെ മരിച്ചു പോയവരുടെ മരണദിനത്തിലാണ്  മഴ പെയ്യുന്നത്. കോട്ടയം ജില്ലയിലെ മാന്നാനത്തെ ആ മരണവീടിന്റെ മുറ്റത്ത്  ഇന്നലെയും ഇന്നുമായി മഴ നീനുവിന്റെ അലമുറകൾക്കൊപ്പം ആർത്തലച്ച് പെയ്യുന്നുണ്ട്. പൂർത്തിയാക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടായിരുന്ന കെവിൻ ജോസഫ്  എന്ന  ഇരുപത്തിമൂന്നുകാരന്റെ മരണദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെവിന്റെയും നീനുവിന്റെയും വിവാഹരജിസ്ട്രേഷൻ. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മതമൊന്നായിരുന്നിട്ടും ദലിതനായിപ്പോയതിന്റെ പേരിൽ ഭാര്യാ സഹോദരൻ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കേരളത്തിലെ ദുരഭിമാനക്കൊലയുടെ ഒടുവിലത്തെ ഇരയാണ് കെവിൻ. 

കെവിനെ തട്ടിക്കൊണ്ടുപോയെ അന്നുമുതൽ സഹായത്തിനായി ‌നിയമപാലകരുടെ മുന്നിൽ യാചിക്കുകയായിരുന്നു നീനുവും കെവിന്റെ കുടുംബവും. കെവിൻചേട്ടനെ കണ്ടുപിടിച്ചു തരണമെന്നായിരുന്നു പൊലീസിന് മുന്നിൽ നീനു ആവശ്യപ്പെട്ടത്.  പിന്നീട് രണ്ട് ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയിൽ കെവിനെ കണ്ടെത്തുകയായിരുന്നു. ഇന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ഏകദേശം പതിനൊന്ന് മണിയോടെ കെവിന്റെ മൃതദേഹം മാന്നാനത്തെ വീട്ടിലെത്തിയത്.

നഷ്‍ടപ്പെട്ടവരുടെ നിലവിളികൾക്കെല്ലാം ഒരേ ശബ്‍ദമായിരുന്നു ആ വീട്ടിൽ. കെവിന്റെ അച്ഛന്റെ തോളിൽ ചാരിയാണ് നീനു പ്രിയപ്പെട്ടവന്റെ മുഖം കാണാനെത്തിയത്. കരഞ്ഞു ശബ്‍ദമില്ലാതായ കെവിന്റെ അമ്മയെയും സഹോദരിയെയും താങ്ങിപ്പിടിച്ചാണ് ബന്ധുക്കൾ മൃതദേഹത്തിനടുത്തെത്തിച്ചത്. മകനൊപ്പം ഇറങ്ങിത്തിരിച്ച മകളെ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു കെവിന്റെ അച്ഛൻ ജോസഫ്. ഇനി എന്തു ചെയ്യും അച്ചാച്ചാ എന്നായിരുന്നു നീനുവിന്റെ അലമുറ. 

കെവിനോട് നീനു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. തേങ്ങലിന്റെ ഇടയിൽ മുറിഞ്ഞില്ലാതായ ആ വാക്കുകൾ ഒരുപക്ഷേ കെവിന് മാത്രമായിരിക്കും മനസ്സിലാകുക. ഹർത്താലും മഴയും അവഗണിച്ച് നിരവധി ആളുകളാണ് കെവിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരു നാടു മുഴുവൻ ഒരു ചെറുപ്പക്കാരനെ, അവന്റെ പെണ്ണിനെ ഓർത്ത് വേദനിക്കുന്ന കാഴ്ചയാണിത്. കെവിന്റെ മൃതദേഹത്തിന് മേൽ വീണ് അലറിക്കരയുന്ന നീനു ഒരു നാടിന്റെ മുഴുവൻ നൊമ്പരമായി അവശേഷിക്കും. മൃതദേഹത്തിനരികിൽ നിന്നും നീനുവിനെ പിടിച്ചുമാറ്റാൻ ജോസഫുമുൾപ്പെടെയുള്ളവർ പണിപ്പെടുന്നുണ്ടായിരുന്നു.  

അഞ്ചു ​ദിവസം മുമ്പാണ് നീനുവും കെവിനും വിവാഹിതരായത്. നീനുവിന്റെ  വീട്ടുകാരുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ രജിസ്റ്റർ ഓഫീസിൽ വച്ചാണ് ഇവർ നിയമപരമായി ഒന്നായത്. പിന്നീട് നീനുവിനെ ഹോസ്റ്റലിലാക്കുകയും കെവിൻ ബന്ധുവീട്ടിലേക്ക് പോകുകയും ചെയ്തു. അവിടെ നിന്നാണ് നീനുവിന്റെ സഹോദരൻ ഷാനു കെവിനെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയത്.  ഭർത്താവിനെ കണ്ടുപിടിച്ചു തരണമെന്ന് ആവശ്യപ്പെട്ട്  പൊലീസ് സ്റ്റേഷന് മുന്നിൽ ഉള്ളുലഞ്ഞ്, കണ്ണുതുടച്ച് നിൽക്കുന്ന നീനുവിന്റെ ചിത്രം ആർക്കും മറക്കാൻ കഴിയില്ല. കെവിൻ തിരിച്ചു വരുമെന്ന് തന്നെയാണ് ആ പെൺകുട്ടി പ്രതീക്ഷിച്ചത്. ഇന്ന് രണ്ടരയോടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മൂന്നു മണിക്ക് ​ഗുഡ്ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല, ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്‍റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ്
'ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ'; ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി