
ജറുസലേം: ലോകം അവസാനിക്കാൻ പോകുന്നു എന്ന പ്രവചനങ്ങളുമായി കാലാകാലങ്ങളായി നിരവധി പേരാണ് രംഗത്തെത്തിട്ടുള്ളത്. അക്കൂട്ടത്തിലിതാ പുതിയൊരു പ്രവചനം കൂടി. ജറുസലേമിൽ ചുവന്ന പശുക്കുട്ടി ജനിച്ചത് ലോകാവസാനത്തിന്‍റെ സൂചനയെന്നാണ് മതപൂരോഹിതരുടെ വാദം. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരത്തിലൊരു പശുക്കുട്ടി ജനിക്കുന്നതെന്നും ഇത് ബൈബിളിൽ പറയുന്നത് പോലെ ലോകാവസാനത്തിന്‍റെ സൂചനയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും പുരേഹിതർ പറയുന്നു.
ജറുസലേമിൽ കഴിഞ്ഞ മാസമാണ് പോരായ്മകളില്ലാത്ത ചുവന്ന പശുക്കുട്ടി ജനിക്കുന്നത്. തുടർന്ന് ജെറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത സംഘടനയായ ദി ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂക്ഷ്മമായി കിടാവിനെ പരിശോധിച്ചിരുന്നു. ക്രിസ്ത്യാനികളുടെ മതഗ്രന്ഥത്തിൽ പറയുന്ന ലോകാവസാന പ്രവചനത്തിലേക്ക് നയിക്കുന്ന പശുക്കുട്ടിയാണിതെന്ന മുന്നറിയിപ്പ് ശക്തമായതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.
ഇവിടെ നേരത്തെയും ചുവന്ന പശുക്കുട്ടികള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടായിരുന്നുവെന്നും അതിനാല്‍ അവയൊന്നും ബൈബിള്‍ പ്രവചനം നടപ്പിലാക്കാന്‍ പര്യാപ്തമല്ലായിരുന്നുവെന്നുമാണ് വാദം. എന്നാല്‍ ഇപ്പോള്‍ പിറന്നിരിക്കുന്ന ചുവപ്പ് പശുക്കുട്ടിക്ക് ന്യൂനതകളൊന്നുമില്ല.
ബൈബിളിലെ ഉല്പ്പത്തി പുസ്തകത്തിൽ ദൈവം മോശയോടും ഇസ്രയേലുകാരോടും ന്യൂനതകള്‍ ഇല്ലാത്ത ചുവന്ന പശുക്കുട്ടിയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നുണ്ട്. ശുദ്ധീകരണ ചടങ്ങുകളുമായി ഭാഗമായിട്ടായിരുന്നു ആവശ്യം ദൈവം മുന്നോട്ട് വച്ചത്. ചുവന്ന പശുക്കുട്ടിയെ ബലികൊടുത്ത് മാത്രമേ ജെറുസലേമില്‍ മൂന്നാമത് ദേവാലയം പണിയാനാവൂ എന്നും ഈ ബൈബിള്‍ ഭാഗം വിശദീകരിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാവാം മിശിഹായുടെ തിരിച്ച് വരവും ജഡ്ജ്‌മെന്‍റ് ഡേയും അരങ്ങേറുന്നതെന്നും ചില ദൈശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നുണ്ട്.
ജന്മനാ യാതൊരു തകരാറുമില്ലാത്ത ശുദ്ധമായ ചുവപ്പിലുള്ള പശുക്കുട്ടിയാണിതെന്നാണ് ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തിയിരിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനായി 1987ലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. പുതിയതായി പിറന്നിരിക്കുന്ന ഈ പശുക്കുട്ടിയെ തന്‍റെ പ്രവചനം നടപ്പിലാക്കുന്നതിനായി മിശിഹാ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്‌സൈറ്റില്‍ എടുത്ത് കാട്ടിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam