ഡ്രൈവറില്ലാതെ എഞ്ചിന്‍ 13 കിലോമീറ്റര്‍ ഓടി; നിര്‍ത്തിയത് ബൈക്കില്‍ പിന്തുടര്‍ന്ന് സാഹസികമായി

By Web DeskFirst Published Nov 9, 2017, 10:31 PM IST
Highlights

കല്‍ബുര്‍ഗി: സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ എഞ്ചിന്‍ ഡ്രൈവറില്ലാതെ 13 കിലോ മീറ്റര്‍ ഓടി. ബൈക്കില്‍ പിന്തുടര്‍ന്ന ജീവനക്കാരനാണ് സാഹസികമായി ട്രെയിന്‍ നിര്‍ത്തിയത്. സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു.

കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ ഉള്‍പ്പെടുന്ന വാടി സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈയില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് വാടി സ്റ്റേഷനിലെത്തിയത്.  ഇവിടെ നിന്ന് മാഹാരാഷ്ട്രയിലെ സോലാപൂരിലേക്കുള്ള പാത വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ നിന്ന് ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടരാറുള്ളത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസവും എഞ്ചിന്‍ മാറ്റിയ ശേഷം ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. എന്നാല്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് എഞ്ചിന്‍ അല്‍പ്പ സമയങ്ങള്‍ക്കകം തനിയെ നീങ്ങിത്തുടങ്ങുകയായിരുന്നു. അമ്പരന്ന് പോയ സ്റ്റേഷന്‍ ജീവനക്കാര്‍ അടുത്തുള്ള സ്റ്റേഷനുകളില്‍ വിവരം നല്‍കി. ട്രാക്കും സിഗ്നലുകളും സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി. അപകട സാധ്യത കണക്കിലെടുത്ത് എതിര്‍ ദിശയില്‍ വന്നിരുന്ന ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. 

ഇതിനിടെ ട്രാക്കിന് സമാന്തരമായ റോഡിലൂടെ ബൈക്കില്‍ പിന്തുടര്‍ന്ന ജീവനക്കാരന്‍ എഞ്ചിന്‍ വേഗത കുറഞ്ഞ സമയം നോക്കി ഉള്ളില്‍ കയറിപ്പറ്റി. തുടര്‍ന്ന് എഞ്ചിന്‍ നിര്‍ത്തുകയായിരുന്നു. അപ്പോഴേക്കും ഏകദേശം 13 കിലോമീറ്ററോളം എഞ്ചിന്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു. എഞ്ചിന്‍ എങ്ങനെ തനിയെ നീങ്ങിത്തുടങ്ങിയെന്ന് വ്യക്തമല്ലെന്നും സംഭവം പ്രത്യേക സംഘം അന്വേഷിക്കുകയാണെന്നുമാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചത്.

click me!