Latest Videos

ഇംഗ്ലീഷ് വീര്യത്തിന് കൊളംബിയന്‍ പ്രതിരോധം

By Web DeskFirst Published Jul 4, 2018, 12:03 AM IST
Highlights
  • ആദ്യ പകുതി ഗോള്‍രഹിതം
  • കളി കയ്യാങ്കളിയായി മാറുന്നു

മോസ്കോ: ഇംഗ്ലീഷ് വീര്യത്തിന് മുന്നില്‍ അതേ കരുത്തോടെ ലാറ്റിന്‍ ശക്തികളായ കൊളംബിയയും അണിനിരന്നതോടെ റഷ്യന്‍ ലോകകപ്പിന്‍റെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. ആവേശം അതിരു കടക്കുന്ന മത്സരം കയ്യാങ്കളിയിലേക്കും നീണ്ടതോടെ മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയം വാശിയേറിയ പോരിനാണ് വേദിയാകുന്നത്.

റോഡ്രിഗസില്ലാത്ത കൊളംബിയന്‍ നിരയിലെ ആശങ്കകള്‍ മനസിലാക്കി തുടക്കത്തിലെ ആക്രമണങ്ങള്‍ മെനഞ്ഞാണ് ഇംഗ്ലണ്ട് കളി തുടങ്ങിയത്. ആറാം മിനിറ്റില്‍ ഇടതു വിംഗില്‍ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് യംഗ് തൊടുത്തത് പോസ്റ്റിലേക്ക്. മത്സരത്തിലെ ആദ്യ പരീക്ഷണത്തെ ഓസ്പിന തട്ടിയകറ്റി. കൃത്യമായ പദ്ധതിയോടെ കളി നിയന്ത്രിക്കാന്‍ ഇംഗ്ലീഷ് നിരയ്ക്കു കഴിഞ്ഞതോടെ കൗണ്ടര്‍ അറ്റാക്കുകള്‍ മാത്രമായി കൊളംബിയന്‍ മുന്നേറ്റം മാറി.

12-ാം മിനിറ്റില്‍ കൊളംബിയന്‍ പ്രതിരോധത്തിന് സംഭവിച്ച അമളിയില്‍ പന്ത് കിട്ടിയ റഹീം സ്റ്റെര്‍ലിംഗ് ഷോട്ട് ഉതിര്‍ത്തെങ്കിലും മിനാ രക്ഷയ്ക്കെത്തി. 15-ാം മിനറ്റില്‍ ഹാരി കെയ്ന് മത്സരത്തിലെ ആദ്യ സുവര്‍ണാവസരം വന്നു. ട്രിപ്പിയര്‍ വലതു പാര്‍ശ്വത്തില്‍നിന്ന് ഉയര്‍ത്തി വിട്ട ക്രോസില്‍ ഇംഗ്ലീഷ് നായകന്‍ ചാടി ഉയര്‍ന്ന് ഹെഡ് ചെയ്തെങ്കിലും അല്‍പം ലക്ഷ്യത്തില്‍ നിന്ന് അകന്നു പോയി. ആദ്യ 15 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് അപകടം മനസിലായി.

ഇതോടെ അല്‍പം ബോള്‍ പൊസിഷന്‍ സ്വന്തമാക്കി കളിക്കാന്‍ കൊളംബിയ ആരംഭിച്ചു. ഇതോടെ കളിയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ഇംഗ്ലീഷ് നിരയില്‍ നിന്ന് കളി അല്‍പം പിന്നോട്ട് പോയി. കോണ്‍ട്രാവോയുടെ ശ്രമങ്ങളാണ് കൂടുതലും ഇംഗ്ലീഷ് പ്രതിരോധത്തിന് ഭീഷണിയായത്. പിന്നീട് കളിക്ക് വേഗമുണ്ടെങ്കിലും ഗോള്‍ പിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെടുക്കാന്‍ ഇരു ടീമിനും സാധിച്ചില്ല. 32-ാം മിനിറ്റില്‍ കണ്‍ട്രോവോയുടെ ഷോട്ടും മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കാന്‍ ഉതകുന്നതായിരുന്നില്ല.

പക്ഷേ, കളിയില്‍ ആവേശം നിറഞ്ഞതോടെ അത് ഇരു ടീമും തമ്മിലുള്ള കയ്യാങ്കളിയിലേക്കും വഴിതെളിച്ചു. ഹെന്‍ഡേഴ്സണെ ഇടിച്ച് വീഴ്ത്തിയതിന് കൊളംബിയന്‍ താരം ബാരിയോസിന് റഫറി മഞ്ഞകാര്‍ഡ് നല്‍കി. ആക്രമണവും പ്രത്യാക്രമണവുമായി കളി വീണ്ടും പോര് മുറുകിയെങ്കിലും ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. 

click me!