കളി കയ്യാങ്കളിയായ ആ 'ഹൊറിബിള്‍' പോരാട്ടം ആവര്‍ത്തിക്കുമോ; ഇംഗ്ലണ്ടും ടുണീഷ്യയും പോരടിക്കുമ്പോള്‍

By Web DeskFirst Published Jun 18, 2018, 4:36 PM IST
Highlights
  • അലൻ ഷിയററെ തല്ലിതോല്‍പ്പിക്കുന്നതിലായിരുന്നു ടുണീഷ്യ ശ്രദ്ധകേന്ദ്രീകരിച്ചത്
  • ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജയിച്ചുകയറി

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഫേഫറിറ്റുകളായ ഇംഗ്ലണ്ട് പടയോട്ടത്തിന് തുടക്കമിടാനായി കളത്തിലെത്തുകയാണ്. രാത്രി 11.30 ന് താരതമ്യേന ദുര്‍ബലരായ ടുണീഷ്യയുമായാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ എതിരാളികള്‍. വമ്പന്‍ ടീമുകളെ ചെറിയ ടീമുകള്‍ വിറപ്പിക്കുകയും പരാജയപ്പെടുത്തുകയുമാണ് റഷ്യയില്‍.

സ്വാഭാവികമായും ഇംഗ്ലണ്ടിനും ഭയമുണ്ടാകും. പ്രത്യേകിച്ചും കളത്തില്‍ തല്ല് കൂടാന്‍ ഒരു മടിയുമില്ലാത്ത ടുണീഷ്യയുമായി പോരടിക്കുമ്പോള്‍. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇംഗ്ലണ്ട് ടുണീഷ്യ മത്സരം അത്രത്തോളം ഭയാനകമായിരുന്നു. 1998 ലെ ഫ്രാന്‍സ് ലോകകപ്പിലായിരുന്നു അത്.

മത്സരത്തിനിടയില്‍ താരങ്ങള്‍ തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു. കാണികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കളിക്കിടയിലും കളി കഴിഞ്ഞ ശേഷവും അവര്‍ ഏറ്റുമുട്ടി. ‘ഹൊറിബിൾ നൈറ്റ്’ എന്നാണ് മത്സരത്തെ താരങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്നത്.

കളത്തിലെ കളി കയ്യാങ്കളിയായപ്പോള്‍ ഫൗളുകളിടെ പ്രവാഹമായിരുന്നു. ഒപ്പം കാര്‍ഡുകളുടെയും. ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ താരമായിരുന്ന അലൻ ഷിയററെ തല്ലിതോല്‍പ്പിക്കുന്നതിലായിരുന്നു ടുണീഷ്യ ശ്രദ്ധകേന്ദ്രീകരിച്ചത്. ഷിയററെ 11 തവണയാണ് ബോധപൂര്‍വ്വം ഫൗൾ ചെയ്തത്. കാല്‍പന്തുകളിയിലെ ഏറ്റവും മോശമായ അനുഭവങ്ങളിലൊന്നായിരുന്നു അത്.

എന്നാല്‍ ടുണീഷ്യയുടെ കയ്യാങ്കളിക്കൊന്നും ഇംഗ്ലണ്ടിനെ വീഴ്ത്താനായില്ല. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജയിച്ചുകയറി. ആദ്യ പകുതിയിൽ അലൻ ഷിയററും രണ്ടാം പകുതിയിൽ പോൾ സ്‌കോൾസുമാണ് ടുണീഷ്യന്‍ ആക്രമണത്തെ മറുകടന്ന് വലകുലുക്കിയത്.

 

ജയം ഇംഗ്ലിഷ് ആരാധകരെ മത്ത് പിടിപ്പിച്ചു. അവര്‍ ഭാന്ത്രമായ ആഘോഷങ്ങളാണ് നടത്തിയത്. വന്‍ തോതിലുള്ള അക്രമങ്ങള്‍ ഫ്രഞ്ച് നഗരത്തില്‍ അരങ്ങേറി. ഒടുവില്‍ പൊലീസും സുരക്ഷാസേനയും തിരിച്ചടിച്ചതോടെ ലോകകപ്പിന് തന്നെ അത് വലിയ നാണക്കേടായി. രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും അവര്‍ പോരടിക്കുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോയെന്ന കണ്ടറിയണം.

click me!