
തൃശൂര്‍: ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും രാഷ്ട്രീയം പഠിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി 'പൊളിറ്റിക്കല്‍ സ്‌കൂള്‍' എന്ന ആശയം നടപ്പാക്കാനൊരുങ്ങുകയാണ് പാർട്ടി. യോഗങ്ങളിലെ ഹാജര്‍, ഓഫീസിലെ ഹാജര്‍ എന്നിങ്ങനെ പാര്‍ട്ടിക്ക് പുതുവഴികള്‍ കാണിച്ച തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയാണ് പൊളിറ്റിക്കല്‍ സ്‌കൂളുമായി മുൻപോട്ട് പോകുന്നത്.താഴെ തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിശകലനം, തദ്ദേശ സ്ഥാപന പ്രതിനിധികളുടെ പ്രവര്‍ത്തന രീതി, മനുഷ്യാവകാശ കമീഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച അറിവ്, പൊതുജനങ്ങളെ അഭിമുഖീകരിക്കല്‍, പൊതുപ്രവര്‍ത്തകരുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഗുണപരമായ ആശയം പഠിപ്പിക്കല്‍ എന്നിവയാണ് പൊളിറ്റിക്കല്‍ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.
കില മുന്‍ ഡയറക്ടര്‍ ഡോ.പി.പി. ബാലന്‍, റിട്ട. അധ്യപകനും എഴുത്തുകാരനുമായ ഡോ.പി.വി. കൃഷ്ണന്‍ നായര്‍, നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരാണ് പൊളിറ്റിക്കല്‍ സ്‌കൂളിന്റെ ഭാഗമാവുന്നത്. ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്റെ ആശയത്തിന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ പൊളിറ്റിക്കല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രതാപന്‍ അറിയിച്ചു.
ആദ്യത്തെ ആറു മാസം ജില്ലയിലെ 2,259 ബൂത്ത് കമ്മിറ്റികളുടെ പ്രസിഡന്റുമാരെയും ഓരോ ബൂത്തിലെയും രണ്ട് സജീവ പ്രവര്‍ത്തകരെയും പരിശീലിപ്പിക്കും. മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഓരോ മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുത്ത അഞ്ച് കേഡര്‍ ലീഡര്‍മാര്‍ക്കും ഓരോ യുവജന, മഹിള പ്രര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. ജില്ലയിലെ ആകെ 110 മണ്ഡലമുണ്ട്. 26 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, ഓരോ ബ്ലോക്കിലെയും 10 കേഡര്‍ ലീഡര്‍മാര്‍, രണ്ട് യുവജന, മഹിള പ്രവര്‍ത്തകര്‍ക്കും എന്നിവരെയും പരിശീലിപ്പിക്കും. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കും.
ആദ്യ ആറു മാസത്തിനകം പരിശീലനം ലഭിച്ച 7,735 കേഡര്‍ ലീഡര്‍മാര്‍ ബൂത്ത് മുതല്‍ ജില്ലതലം വരെയുണ്ടാകും. മഹിള, യൂത്ത്, കെഎസ്‌യു, ഐഎന്‍ടിയുസി, എഐസിസി അംഗീകൃത സെല്ലുകള്‍ എന്നിവയുടെ മണ്ഡലം, ബ്ലോക്ക്, ജില്ല നേതാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ മാസത്തില്‍ മൂന്ന് ക്ലാസുകളുണ്ടാവും. ഓരോ മാസവും ശില്‍പശാല, ക്ലാസില്‍ പെങ്കടുക്കുന്നവര്‍ക്ക് ഭക്ഷണവും പഠനോപകരണവും, തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം, മറ്റു കക്ഷികളെ ആശയപരമായി പ്രതിരോധിക്കാനുള്ള പരിശീലനം, ഓരോ ബൂത്തിലും ഒരു സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍, ബൃഹത്തായ റഫറന്‍സ് ലൈബ്രറി എന്നിങ്ങനെയാണ് സ്‌കൂള്‍ നടത്തിപ്പിന്റെ സ്വഭാവം. കഴിഞ ഒരു വര്‍ഷമായി പൊളിറ്റിക്കല്‍ സ്‌കൂള്‍ സംബന്ധിച്ച ആശയ വിനിമയും ചര്‍ച്ചയും ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ സംഘടന സംവിധാനം ശോഷിച്ചുവെന്ന് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ പറയുന്നതിനിടക്കാണ് തികച്ചും കേഡര്‍ സ്വഭാവത്തിലുള്ള പ്രവര്‍ത്തനുമായി ഡിസിസി സജ്ജമാകുന്നത്. വരാനിരിക്കുന്ന ലോകസഭ, തദ്ദേശ സ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ജില്ലയിലെ പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ വിജയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിന് വഴികാട്ടിയാവുമെന്ന പ്രതീക്ഷയും തൃശൂരിലെ നേതൃത്വത്തിനുണ്ട്. മെയ് അവസാനത്തില്‍ ഇതിനുള്ള ഒരുക്കം തുടങ്ങിയെങ്കിലും രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളോടെ വേഗത കുറഞ്ഞു. ഇപ്പോൾ വീണ്ടും പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾക്ക് ജീവൻ വച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam