ജയരാജന് രണ്ടാം വരവ്; വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

By Web TeamFirst Published Aug 14, 2018, 10:16 AM IST
Highlights

ഇപി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിക്ക്  രാജ്ഭവനില്‍ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. 

തിരുവനന്തപുരം: ഇപി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിക്ക്  രാജ്ഭവനില്‍ നടന്ന  സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും ചടങ്ങില്‍  പങ്കെടുത്തു. മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയ ജയരാജനെ മന്ത്രിമാരെല്ലാം അഭിനന്ദിച്ചു.  അതേസമയം ധാര്‍മിക പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

2016 ഒക്ടോബർ 14ന് രാജിവെക്കുമ്പോഴുണ്ടായിരുന്ന വ്യവസായം വാണിജ്യം. യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകൾ തന്നെയാണ് ജയരാജന് തിരികെ നല്‍കിയിരിക്കുന്നത്. രാജിവെച്ച് ഒരു വർഷവും പത്ത് മാസവും പിന്നിടുമ്പോഴാണ് പിണറായി മന്ത്രിസഭയിലേക്കുള്ള ഇപി ജയരാജന്‍റെ മടക്കം. സിപിഎമ്മും എൽഡിഎഫും എതിർപ്പുകളൊന്നുമില്ലാതെ തിരിച്ചുവരവിൽ തീരുമാനമെടുക്കുകയായിരുന്നു.കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം കിട്ടിയതോടെയാണ് സിപിഐ അയഞ്ഞത്.

ധാർമിക പ്രശ്നം ഉയർത്തിയാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിച്ചത്. ചീഫ് വിപ്പ് സ്ഥാനം അമിതചെലവ് ഉണ്ടാക്കുമെന്ന് പറഞ്ഞ സിപിഐ ഇപ്പോൾ മൗനത്തിലാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. പത്തൊന്‍പതിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പകരം ചുമതലയും ഒരുപക്ഷെ ജയരാജന് കിട്ടിയേക്കും. 

 ഇക്കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നാണ് വിവരം. വകുപ്പുകളിലെ മാറ്റത്തിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസിലും മാറ്റങ്ങളുണ്ട്. കെകെ ഷൈലജ ഉപയോഗിച്ചിരുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ ഓഫീസാകും ജയരാജന്. ഷൈലജയുടെ ഓഫീസ് സെക്രട്ടേറിയറ്റ് അനക്സ് ടൂവിലേക്ക് മാറും.

മുഖ്യമന്തിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ ഇനി മന്ത്രിമാർക്ക് ഓഫീസുണ്ടാകില്ല. അവിടെ ഉണ്ടായിരുന്ന എസി മൊയ്തീൻറെ ഓഫീസ് അനക്സ് വണ്ണിലേക്ക് മാറ്റും. ഓഫീസായെങ്കിലും ഇപി ജയരാജന് ഔദ്യോഗിക വസതിയിൽ തീരുമാനമായില്ല.

click me!