എരുമേലി പേട്ടതുള്ളല്‍ നാളെ; ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ

By Web TeamFirst Published Jan 10, 2019, 6:32 PM IST
Highlights

സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാഅത്ത് ഭാരവാഹികൾ സ്വീകരിക്കും. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും

എരുമേലി: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ നാളെ നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്.

എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച ശേഷം വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും. ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ തുടങ്ങുന്നത്.

സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാഅത്ത് ഭാരവാഹികൾ സ്വീകരിക്കും. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള തീർത്ഥാടകർ പേട്ടതുള്ളലിൽ പങ്കാളികളാകും. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്. ആലങ്ങാട് സംഘം ഒരുമിച്ചാണ് ഇത്തവണ പേട്ട തുള്ളാനെത്തിയിരിക്കുന്നത്.

തീർത്ഥാടകർക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡും പള്ളി ഭാരവാഹികളും അറിയിച്ചു. നേരത്തെ, പേട്ട തുളളലിൽ പങ്കെടുക്കന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചശേഷം പ്രത്യേക തിരിച്ചറിയൽ രേഖ തയാറാക്കി നൽകണമെന്ന് പൊലീസിനോട് ഹെെകോടതി നിർദേശിച്ചിരുന്നു.

പേട്ട തുളളലിന് യാതൊരുവിധ തടസവും ഉണ്ടാകരുതെന്നും ഇടക്കാല ഉത്തരവിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിർദേശം.

click me!