ഇവിടെ ഓരോ വീട്ടിലും ഒരു ക്യാന്‍സര്‍ രോഗിയുണ്ട്, കാരണം വേദാന്തയോ?

Web Desk |  
Published : May 28, 2018, 01:59 PM ISTUpdated : Jun 29, 2018, 04:24 PM IST
ഇവിടെ ഓരോ വീട്ടിലും ഒരു ക്യാന്‍സര്‍ രോഗിയുണ്ട്, കാരണം വേദാന്തയോ?

Synopsis

2000 പേരുള്ള ഗ്രാമമായ സില്‍വര്‍പുരത്തില്‍ അറുപത് വീടുകളില്‍ ക്യാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ വിഭാഗം പുറത്ത് വിട്ട സില്‍വര്‍പുരത്തെ കിണറുകളിലെ വെള്ളത്തിന്റെ അവസ്ഥ ഏറെ ഞെട്ടിക്കുന്നതാണ്

തൂത്തുക്കുടി: ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും ഒരു ക്യാന്‍സര്‍ രോഗിയുണ്ട്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്ന് മൂന്നുകിലോ മീറ്റര്‍ മാത്രം അകലെയുള്ള സില്‍വര്‍പുരം എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ വാര്‍ത്ത. സില്‍വര്‍പുരത്തെ കിണറുകളിലെ ജലം ഉപയോഗിക്കാനാവാത്ത വിധം മലിനപ്പെട്ടതാണെന്നും എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സില്‍വര്‍പുരത്തുള്ള ലക്ഷ്മിയുടെ ഭര്‍ത്താവ് കുടലിലുണ്ടായ ക്യാന്‍സറിനെ തുടര്‍ന്ന് മുപ്പത്തൊന്നാം വയസിലാണ് മരിച്ചത്. പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ലക്ഷ്മിക്ക് പക്ഷേ പരാതിപ്പെട്ടിരിക്കാന്‍ സമയമില്ല. കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാനും അവരുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും ലക്ഷ്മി സമ്പാദിക്കേണ്ടിയിരിക്കുന്നു. 

ഇവരുടെ തൊട്ടടുത്ത വീട്ടിലെ മുപ്പത്തഞ്ചുകാരനായ സുബ്ബയ്യ മരിച്ചത് കരളിലെ ക്യാന്‍സറിനെ തുടര്‍ന്നാണ്. ഇവരുടെ വീട്ടിലെ അവസ്ഥയും ഒട്ടും വിഭിന്നമല്ല. നിത്യച്ചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനുമായി മീര കഷ്ടപ്പെടുന്നു. സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി മീരയുടെ മൂത്ത മകന്‍ ലോറിയില്‍ ക്ലീനര്‍ ആയി ജോലി ചെയ്യുന്നു. ഇതേ തെരുവില്‍ തന്നെ താമസിക്കുന്ന ഹെലന്‍ കിഡ്നിയിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ജീവിതവും മരണവുമായി പോരാട്ടത്തിലാണ്. ഇവരുടെ വീട്ടില്‍ തന്നെ രണ്ട് പേര്‍ ക്യാന്‍സറിന് കീഴടങ്ങിക്കഴിഞ്ഞു.

2000 പേരുള്ള ഗ്രാമമായ സില്‍വര്‍പുരത്തില്‍ അറുപത് വീടുകളില്‍ ക്യാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ പടര്‍ന്ന് പിടിക്കുന്ന ക്യാന്‍സറിന്  ഗ്രാമവാസികള്‍ പഴിക്കുന്നത് സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെയാണ്. മലിനീകരണ നിയന്ത്രണ വിഭാഗം പുറത്ത് വിട്ട സില്‍വര്‍പുരത്തെ കിണറുകളിലെ വെള്ളത്തിന്റെ അവസ്ഥ ഏറെ ഞെട്ടിക്കുന്നതാണ്. 

ഗ്രാമത്തിലെ 15 ഇടങ്ങളില്‍ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളാണ് മലിനീകരണ നിയന്ത്രണ വിഭാഗം ശേഖരിച്ചത്. ന്യൂറോടോക്സിന്‍ വിഭാഗത്തില്‍ പെടുന്ന ലെഡിന്റെ അംശം സാധാരണ കാണുന്നതിനേക്കാളും 39 മുതല്‍ 55 തവണ വരെ അധികമായി കാണുന്നുണ്ട് സാമ്പിളുകളില്‍. സ്റ്റെര്‍ലൈറ്റ് പ്ലാന്റിലെ മാലിന്യം തള്ളല്‍ മൂലമാണ് കിണറുകളിലെയും മറ്റ് ജലശ്രോതസുകളിലെയും ജലം മലിനപ്പെടാന്‍ കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്. 

സ്റ്റെര്‍ലൈറ്റിന്റെ പ്രവര്‍ത്തനം പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന നിലയില്‍ ആണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. മനുഷ്യവാസമുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാത്ത പ്ലാന്റ് സ്ഥിതി ചെയ്യുന്നതിന് ഏറെ അടുത്താണ് തൂത്തുക്കുടിയിലെ പല ഗ്രാമങ്ങളും. പ്ലാന്‍റിന് ചുറ്റുമായി 25 അടി വീതിയില്‍ ഹരിത മേഖല നിര്‍മിക്കണമെന്ന നിര്‍ദേശവും പ്ലാന്‍റ് ലംഘിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

1996 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്ത് 40000 ടണ്‍ മാത്രം ഉല്‍പാദനം നടത്തിയിരുന്ന പ്ലാന്റില്‍ ഇപ്പോള്‍ ഉല്‍പാദനം പത്തിരട്ടിയാണ്. ഉല്‍പാദനം കൂട്ടിയെങ്കിലും പ്ലാന്റിലെ പുകക്കുഴലിന്റെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ഗ്രാമത്തിലെ ആളുകള്‍ക്ക് ക്യാന്‍സര്‍ പടരുന്നതില്‍ പ്ലാന്റിന്റെ പങ്ക് പരിശോധിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതിനായി ഭരണകൂടം ഒന്നും ചെയ്തിട്ടില്ലെന്നാണ് സില്‍വര്‍പുരം ഗ്രാമത്തിലുള്ളവര്‍ ഒന്നടങ്കം പറയുന്നത്. തൂത്തുക്കുടിയില്‍ ഏറെ വിവാദമായ വെടിവയ്പിന് ശേഷം പ്ലാന്റിനുള്ള വൈദ്യുത കണക്ഷന്‍ സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ജയലളിത 2013ല്‍ പ്ലാന്റ് അടച്ച് പൂട്ടണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി പ്രകാരമാണ് പ്ലാന്റ് പ്രവര്‍ത്തനം തുടര്‍ന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ മാസം പണിപോയ കണ്ടക്ടർമാരുടെ എണ്ണം 2! 18 രൂപ ജി പേ ചെയ്യാൻ കഴിയാത്തതിൽ രാത്രിയിൽ ഇറക്കി വിട്ടത് യുവതിയെ, നടപടി
ശബരിമല സ്വർണ്ണ കേസിൽ നിർണായക നീക്കം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, പോറ്റിക്കൊപ്പമുള്ള ദില്ലിയാത്രാ വിവരവും ശേഖരിക്കും